ഇടുക്കി: ഇടുക്കിയിലെ തൊടുപുഴയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ചേരിതിരഞ്ഞ് ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യോക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രക്കിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനു തുടക്കമിട്ടവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിച്ചാണ് പ്രശ്നംപരിഹരിച്ചത്. ഡീൻ കുര്യാക്കോസിൻറ് യാത്രക്ക് തൊടുപുഴയിൽ സ്വീകരണം ഒരുക്കാൻ വിളിച്ച യോഗത്തിലൊന്നും നിയോജക പ്രസിഡൻറ് സാം പങ്കെടുത്തിരുന്നില്ല.
അതിനാൽ സ്വഗത സംഘം ചെയർമാനെ അധ്യക്ഷനാക്കി. സ്വീകരണ വേദിയിലെത്തിയ സാമിന് ഇതിഷ്ടപ്പെട്ടില്ല. വേദിയിൽ വച്ചു തന്നെ ചെയർമാനെ കയ്യേറ്റം ചെയ്തു. ഒപ്പമുണ്ടായിരുന്ന നാലു യൂത്ത് കോൺഗ്രസ്സ് കെഎസ് യു നേതാക്കളും ഒപ്പം കൂടി. അടിപിടിക്കു ശേഷം സ്റ്റേജിൽ ഇരുന്നിരുന്ന ഇവരിൽ രണ്ടുപേരെ രോഷാകുലരായ പ്രവർത്തകരിൽ ചിലർ വലിച്ചിറക്കി നല്ലപോലെ കൈകാര്യം ചെയ്തു.
ഒടുവില്‍ ഡീൻ ഇടപെട്ട് ഇവർക്ക് സംരക്ഷണം നൽകി പരിപാടി ഒരു വിധത്തിൽ അവസാനിപ്പിച്ചു. സംഘർഷമുണ്ടാക്കിയവരെ തല്ലണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രവർത്തകരെത്തി. ഒടുവിൽ ഡീൻ ഇടപെട്ട് പരസ്യമായി മാപ്പു പറയിപ്പിച്ച് ഡീനിൻറെ വാഹനത്തിൽ കയറ്റാനൊരുങ്ങിയപ്പോൾ വീണ്ടും സംഘർഷമായി. മുൻ ഡിസിസി പ്രസിഡൻറിനെയും ഡീനിനെയും അനുകൂലിക്കുന്നവർ തമ്മിലായിരുന്നു സംഘർഷം
