തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ ഇ പി ജയരാജന്‍റെ മുന്‍ പി എയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. അല്ലാത്തപക്ഷം സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും ഡീന്‍ പറഞ്ഞു. 

കൊല്ലപ്പെട്ട ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്തു വന്നിരുന്നു. ശുഹൈബ് കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തിലാണ് കൊലവിളി ഉയര്‍ത്തിയത്. നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് ശുഹൈബിന്റെ പേരെടുത്ത് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. 

ഫെബ്രുവരി 12ന് എടയന്നൂരിനടത്ത് തെരൂരില്‍ രാത്രി 11.30ഓടെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിക്കൊന്നത്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു.