തിരുവനന്തപുരം: കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ മന്ത്രി തോമസ് ചാണ്ടിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചു. രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മന്ത്രി ഇവിടെ നിന്ന് കാര്‍ മാര്‍ഗ്ഗം കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലെ ഔദ്ദ്യോഗിക വസതിയിലേക്ക് വരുന്നതിനിടെയായിരുന്നു പ്രതിഷേധം. മസ്കട്ട് ഹോട്ടലിന് സമീപത്ത് വെച്ച് വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തവര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹം മന്ത്രിക്ക് അകമ്പടിയായുണ്ടായിരുന്നു. ഇതിന് പുറമെ ഔദ്ദ്യോഗിക വസതിക്ക് മുന്നിലും വനിതാ പൊലീസുകാരടക്കമുള്ള സംഘം അര്‍ദ്ധരാത്രിയിലും നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.