തിരുവനന്തപുരം: ഷുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് നീട്ടി. ഡമ്മി പ്രതികളെ വച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയാണ് സര്‍ക്കാര്‍ എന്നാരോപിച്ചാണ് ഇത്. 

അതേസമയം, ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്‌ പറഞ്ഞു. 
മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയതെന്ന് നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ലാത്തവരാണെന്നും നൗഷാദ്. 26 - 27 വയസ്സുള്ളവർ ആണ് വെട്ടിയ സംഘത്തിൽ ഉള്ളത്. ആകാശ് ആ സംഘത്തിൽ ഇല്ലെന്നും നൗഷാദ് ഉറപ്പിച്ച് പറയുന്നു.

ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് നൗഷാദ് ആരോപിക്കുന്നത്. ആകാശ് തില്ലങ്കരിയെ നൗഷാദിന് നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്‍റെ ശരീരത്തോട് സാദൃശ്യമില്ലെന്നും നൗഷാദ് പറയുന്നു. 

അതേസമയം, കേസില്‍ നാല് പ്രതികള്‍ എന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം സ്കൂളിലെ സംഘര്‍ഷമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തടയാന്‍ ശ്രമിച്ചവരെയും കൊല്ലാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.