ഇടുക്കി: യൂത്ത് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്‍റ് സാം ജേക്കബ് രാജി വച്ചു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് പങ്കെടുത്ത പരിപാടിയിൽ ഇന്നലെ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്നാണ് രാജി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യോക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ചേരിതിരഞ്ഞ് ഏറ്റുമുട്ടിയത്.
സംഘർഷത്തിനു തുടക്കമിട്ടവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിച്ചാണ് പ്രശ്നംപരിഹരിച്ചത്. ഡീൻ കുര്യാക്കോസിൻറ് യാത്രക്ക് തൊടുപുഴയിൽ സ്വീകരണം ഒരുക്കാൻ വിളിച്ച യോഗത്തിലൊന്നും ബ്ലോക്ക് പ്രസിഡന്‍റ് സാം പങ്കെടുത്തിരുന്നില്ല. സാം പരിപാടിയില്‍ പങ്കെടുക്കാത്തതിനാല്‍ സ്വഗത സംഘം ചെയർമാനെ അധ്യക്ഷനാക്കി.
സ്വീകരണ വേദിയിലെത്തിയ സാമിന് ഇതിഷ്ടപ്പെട്ടില്ല. വേദിയിൽ വച്ചു തന്നെ ചെയർമാനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലു യൂത്ത് കോൺഗ്രസ്സ് കെഎസ് യു നേതാക്കളും ഒപ്പം കൂടി. അടിപിടിക്കു ശേഷം സ്റ്റേജിൽ ഇരുന്നിരുന്ന ഇവരിൽ രണ്ടുപേരെ രോഷാകുലരായ പ്രവർത്തകരിൽ ചിലർ വലിച്ചിറക്കി നല്ലപോലെ കൈകാര്യം ചെയ്തു. ഒടുവില്‍ ഡീൻ ഇടപെട്ട് ഇവർക്ക് സംരക്ഷണം നൽകി പരിപാടി ഒരു വിധത്തിൽ അവസാനിപ്പിക്കുകയായിരുന്നു.
