ദേവികുളത്തെ കോടതിയിലാണ് വക്കീല്‍ മുഖേന ഡ്രൈവര്‍ ഹാജരായത്

ഇടുക്കി: കാല്‍നടക്കാരനായ യുവാവ് കാറിടിച്ച് മരിക്കാനിടയായ സംഭവത്തിലെ ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച വൈകിട്ടോടെ ദേവികുളത്തെ കോടതിയിലാണ് വക്കീല്‍ മുഖേന ഡ്രൈവര്‍ ഹാജരായത്. സെവന്‍മല പാര്‍വ്വതി എസ്റ്റേറ്റ് സ്വദേശിയായ സുഭാഷ് ആണ് കീഴടങ്ങിയത്. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരായ സുഭാഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. 

കഴിഞ്ഞ 20 ന് പഴയമൂന്നാറിലെ മൂലക്കടയില്‍ ലക്ഷ്മി റോഡില്‍ വച്ച് രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളെയാണ് കാറിടിപ്പിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ തമിഴ്‌നാട് തിരുനെല്‍വേലി ജില്ല ശങ്കരന്‍ കോവില്‍ അന്നികുളന്തൈ സ്വദേശിയായ മാടസാമി രാമലക്ഷ്മി ദമ്പതികളുടെ മകനായ അരുണ്‍കുമാര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഡ്രൈവര്‍ക്കെതിരെ അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഗുരുതരമായ പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയും ബി.കോം വിദ്യാര്‍ത്ഥിയുമായ രാംകുമാര്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.