കഴിഞ്ഞമാസം 28 ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇസ്മായില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. വീടിനു പിന്‍വശത്തുനിന്നും തീ ആളി പടരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി തീ അണക്കുകയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മൂന്നുപേര്‍ കാറില്‍ കയറ്റികൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും നാല് ലക്ഷം രൂപ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ഇസ്മായില്‍ പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. 

കുഴല്‍പണം നഷ്ടപ്പെട്ടതിന് പിന്നില്‍ ഇസ്മായിലിന് പങ്കുള്ളതായി ആരോപിച്ച് സംഘം കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോവുകയും കര്‍ണാടക പോലീസിന്റെ സഹായത്തോടെ പേപ്പറുകളില്‍ ഒപ്പിടീക്കുകയും ചെയ്തിരുന്നതായി ഇസ്മായില്‍ പറഞ്ഞിരുന്നതായി ഇയാളുടെ ഭാര്യ പറഞ്ഞു. 90 ശതമാനത്തോളം പൊള്ളലേറ്റ ഇസ്മയില്‍ ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.