തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ വിവാദത്തിനിടെ മുൻവര്‍ഷങ്ങളിലെ വിധി നിര്‍ണയത്തിലും ക്രമക്കേടുകള്‍ നടന്നതായി രേഖകള്‍. രണ്ടായിരത്തി പതിനാലിലെ കലോത്സവത്തില്‍ മാര്‍ക്ക് തിരുത്തിയതിന്റെ തെളിവുകളാണ് പുറത്തു വന്നത്. അവസാന നിമിഷം പോയിന്റു നിലകളില്‍ മാറ്റം വരുത്താനായി സ്‌കോര്‍ ഷീറ്റിലെ കോളങ്ങള്‍ ഒഴിച്ചിട്ടതും വ്യക്തമാണ്.
രണ്ടായിരത്തി പതിനാലിലെ കലോത്സവത്തില്‍ വ്യാപകമായി സ്‌കോര്‍ ഷീറ്റില്‍ തിരുത്തലുകള്‍ നടന്നുവെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശനിയമപ്രകാരമുളള രേഖ വ്യക്തമാക്കുന്നത്. നൃത്ത ഇനങ്ങളിലെ മത്സരാര്‍ഥികളുടെ മാര്‍ക്കുകളാണ് വിധികര്‍ത്താക്കള്‍ വെട്ടി തിരുത്തിയത്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തിലും, കുച്ചുപ്പുടിയിലും കുട്ടികളുടെ മാര്‍ക്കുകള്‍ തിരുത്തി. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ആകെ മാര്‍ക്ക് കൂട്ടി എഴുതിയതിലും തിരുത്തലുകള്‍ വരുത്തി.
ഇതേ വര്‍ഷം നടന്ന തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ നൃത്ത ഇനങ്ങളിലെ സ്‌കോര്‍ ഷീറ്റുകള്‍ അപൂര്‍ണമായാണ് രേഖപ്പെടുത്തിയത്. ആകെ മാര്‍ക്ക് മാത്രം രേഖപ്പെടുത്തി, മറ്റ് കോളങ്ങള്‍ ഒഴിച്ചിട്ടു. അവസാന ഘട്ടത്തില്‍ പോയിന്റു നിലകളില്‍ മാറ്റം വരുത്താനായി ആവശ്യാനുസരണം മാര്‍ക്കുകള്‍ എഴുതി ചേര്‍ക്കാനാണ് സ്‌കോര്‍ ഷീറ്റ് അപൂര്‍ണമാക്കി എഴുതിയതെന്നാണ് ആരോപണം.
