കോട്ടയം: മേലുകാവില്‍ വായ്പ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ യുവാവ് പിടിയിലായി.  മറ്റത്തിപ്പാറ നരിക്കുന്നേൽ ജിന്റോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജിന്റോയുടെ സുഹൃത്ത് മുരളീധരന്‍ നായര്‍ കടം നല്‍കിയ 500 രൂപ തിരികെ ആവശ്യപ്പെട്ടതായിരുന്നു സംഘര്‍ഷത്തിന് കാരണം.

മേയ് എട്ടാം തിയതിയാണ് വാക്കേറ്റത്തിനെ തുടര്‍ ജിന്റോ മുരളീധരന്‍ നായരെ ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് കുത്തിയത്. മദ്യ ലഹരിയില്‍ ആയിരുന്ന മുരളീധരന്‍ പണം തിരികെ ചോദിച്ചു. ചോദ്യം വാക്കേറ്റമായി കയ്യാങ്കളിയില്‍ കലാശിച്ചതോടം ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് ജിന്റോ മുരളീധരന്‍ നായരുടെ കണ്ണില്‍ കുത്തുകയായിരുന്നു.

നിലത്തുവീണ മുരളീധരന്‍ നായരുടെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലും പിന്നീട് വീട്ടിലും എത്തിക്കുകയായിരുന്നു. പിറ്റേ ദിവസം ഇയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുരളീധരന്‍ നായര്‍ മരിച്ചതോടെ ഒളിവില്‍ പോയ ജിന്റോയെ ഇല്ലിക്കല്‍ കല്ലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ  റിമാന്‍ഡ് ചെയ്തു.