ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ കനത്ത സുരക്ഷാ വലയത്തിലുള്ള ജമ്മു കശ്മീരില്‍ ഐസ് ആഭിമുഖ്യമുള്ള പതിനെട്ടുവയസുകാരി പിടിയില്‍. റിപ്പബ്ലിക് ദിനാഘോഷചടങ്ങുകള്‍ക്കിടെ ചാവേറായി ഒരു പെണ്‍കുട്ടി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് പൂണെ സ്വദേശിനിയായ സാദിയ അൻവർ ഷെയ്ഖ് അറസ്റ്റിലാകുന്നത്. ഇവർ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാനെത്തിയതാണെന്നാണ് തുടക്കത്തില്‍ ജമ്മു കശ്മീർ പൊലീസ് പറഞ്ഞത്. എന്നാൽ സമൂഹമാധ്യമത്തിലെ തെറ്റായ പ്രചാരണം കാരണം ‘വഴിതെറ്റിപ്പോയതാണെന്ന’ പൊലീസിന്റെ തിരുത്തലും പിന്നാലെയെത്തി. 

കശ്മീരിലോ മഹാരാഷ്ട്രയിലോ കേസൊന്നുമില്ലാത്തതിനാല്‍ സാദിയയെ അമ്മയ്ക്കൊപ്പം വിടാനാണു തീരുമാനം. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ഉത്തരവിട്ടു. പെൺകുട്ടി യഥാർത്ഥത്തിൽ ഐഎസിൽ ചേരാനെത്തിയതാണോ അതോ ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. 

പുണെയിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) പല തവണ പിടികൂടിയ പെൺകുട്ടി കശ്മീരിലേക്കു പ്രവർത്തനം മാറ്റിയെന്നായിരുന്നു വിവരം. നിരീക്ഷണം ശക്തമാക്കണമെന്നും. തുടർന്ന് എല്ലാ ജില്ലകളിലെ പൊലീസ് ആസ്ഥാനത്തേക്കും എഡിജിപി മുനീർ ഖാൻ ജനുവരി 23ന് വിവരം കൈമാറി. 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡില്‍ ചാവേറാക്രമണം നടത്താനാണു പെൺകുട്ടിയുടെ നീക്കമെന്നായിരുന്നു സന്ദേശം. തുടർന്ന് വനിതകളെ കർശന ദേഹപരിശോധനയ്ക്കു ശേഷം മാത്രമായിരുന്നു റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുന്ന വേദിയിലേക്കു പ്രവേശിപ്പിച്ചത്. അതിനിടെയാണ് ബിജ്ബെഹറയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന സാദിയയെ പൊലീസ് പിടികൂടി. 

ആദ്യഘട്ടത്തിൽ, താൻ ഐഎസിൽ ചേരാൻ വന്നതെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണം കാരണം കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധരിച്ച് തീവ്രവാദ ആശയങ്ങളുമായി എത്തിയതാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു. 

2015ൽ പുണെ എടിഎസ് സാദിയയെ ചോദ്യം ചെയ്തിരുന്നു. വിദേശത്തുള്ള ഐഎസ് അനുഭാവികളുമായി ബന്ധം പുലർത്തിയെന്നാരോപിച്ചായിരുന്നു അത്. അന്ന് പ്ലസ് വണ്ണിനു പഠിക്കുകയായിരുന്നു പെൺകുട്ടിയെ കൗൺസലിങ്ങിനും എടിഎസ് വിധേയയാക്കിയിരുന്നു.