വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി 91 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഏകദേശം മൂവായിരത്തോളം പേരുടെ തിരിച്ചറിയൽ രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിച്ചു. ഇതിലാണ് അനധികൃത കുടിയേറ്റക്കാരെന്ന് കരുതുന്ന 105 പേരെ പിടികൂടിയത്. ഇവരിൽ പലരുടെയും കൈവശം ആധാർ കാർഡുകളടക്കം ഉണ്ടായിരുന്നതായി ഇലക്ട്രോണിക്സ് സിറ്റി ഡിസിപി എം. നാരായണ മാധ്യമങ്ങളോട് പറഞ്ഞു.

ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സ് സിറ്റി തുടങ്ങിയ മേഖലകളിലാണ് ഓപ്പറേഷൻ മുക്ത എന്ന പേരിൽ പൊലീസ് പ്രത്യേക പരിശോധന നടത്തിയത്.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി 91 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഏകദേശം മൂവായിരത്തോളം പേരുടെ തിരിച്ചറിയൽ രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിച്ചു. ഇതിലാണ് അനധികൃത കുടിയേറ്റക്കാരെന്ന് കരുതുന്ന 105 പേരെ പിടികൂടിയത്. ഇവരിൽ പലരുടെയും കൈവശം ആധാർ കാർഡുകളടക്കം ഉണ്ടായിരുന്നതായി ഇലക്ട്രോണിക്സ് സിറ്റി ഡിസിപി എം. നാരായണ മാധ്യമങ്ങളോട് പറഞ്ഞു. ഇവർക്ക് എങ്ങനെയാണ് ആധാർ കാർഡ് കിട്ടിയെന്നതും ഇത് സംഘടിപ്പിച്ച് നൽകിയത് ആരാണെന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 600-ലേറെ പൊലീസുകാർ 60 സംഘങ്ങളായി തിരിഞ്ഞാണ് മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. 105 ബം​ഗ്ലാദേശി പൗരന്മാരിൽ 62 പേരും വൈറ്റ്ഫീൽഡിൽനിന്നാണ് പിടിയിലായത്. 43 ഇലക്ട്രോണിക്സ് സിറ്റിയിൽനിന്നും പിടിയിലായി.

മാസം 2000-3000 രൂപ വാടകയുള്ള ഷെഡ്ഡുകളിലാണ് ഇവരിൽ പലരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു ഷെഡ്ഡിൽ അഞ്ചും ആറും പേരാണ് താമസമുണ്ടായിരുന്നത്. ഇവർക്ക് താമസസൗകര്യം നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പിടിയിലായവരിൽ ഭൂരിഭാ​ഗം പേരും മാലിന്യശേഖരണം അടക്കമുള്ള ജോലികളാണ് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ഏജന്റുമാരായി ജോലിചെയ്യുന്നവരും പിടിയിലായിട്ടുണ്ട്. ഇത്തരം പരിശോധനകൾ ഇനിയും തുടരുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. മൂന്നുമാസം മുൻപ് ഏകദേശം 300-ഓളം ബം​ഗ്ലാദേശികളെ ബെം​ഗളൂരുവിൽനിന്ന് പിടികൂടി നാടുകടത്തിയിരുന്നു.