കോട്ടയം: വാഗത്താനത്ത് മൂര്‍ഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന്‍ ബിജു മരിച്ചു. മുറിവേറ്റ കരിമൂര്‍ഖനെ പിടികൂടി ചികിത്സ നല്‍കാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റാണ് ബിജു മരിച്ചത്.
അപകടകാരിയായ സ്‌പെക്ടക്കിള്‍ കോബ്രയെന്ന കരിമൂര്‍ഖനെ വാഗത്താനം ചേത്തക്കലില്‍ നിന്നാണ് ബിജു പിടികൂടിയത്. പലതവണ ശ്രമിച്ചിട്ടും പാമ്പിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ വസ്തു ഉടമസ്ഥനായ പുത്തന്‍പുരയ്ക്കല്‍ ബിജു ജെ സി ബി ഉപയോഗിച്ച് പറമ്പ് ഇളക്കി മറിച്ചു. അതിനിടെ പാമ്പിന് പരിക്കേറ്റു. തുടര്‍ന്നാണ് വിവരം ബിജുവിനെ അറിയിക്കുകയും മുറിവേറ്റ പാമ്പിനെ പിടികൂടുന്നതും.
പ്ലാച്ചേരി വനംവകുപ്പ് സ്റ്റേഷനിലെത്തിച്ച ശേഷം ചികിത്സക്കായി പാമ്പിനെ മൃഗാശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കാനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചാക്കിന് പുറത്തെടുക്കുമ്പോഴാണ് ബിജുവിന് കടിയേറ്റത്. വലത് കൈയ്യിലും ഇടത് കൈയ്യിലെ വിരലിലുമാണ് കടിയേറ്റത്. കടിയേറ്റിട്ടും പിടിവിടാതെ പാമ്പിനെ ബിജു തന്നെ സുരക്ഷിതമായി ചാക്കിലാക്കി.
പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ബിജുവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നില അതീവ ഗുരുതരമായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
