Asianet News MalayalamAsianet News Malayalam

മൊബൈൽ മോഷണം; യുവാവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതികൾ പിടിയില്‍

youth killed in idukki accused arrested
Author
First Published Dec 4, 2017, 7:28 PM IST

ഇടുക്കി: മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതികൾ നാലു മാസത്തിനു ശേഷം പൊലീസ് പിടിയാലായി. ഇടുക്കി ശാന്തൻ പാറ, തൊട്ടിക്കാനം വാഴയിൽ രാജീവിനെയാണ് കൊലപ്പെടുത്തി തമിഴ്നാട് അതിർത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയിൽ തള്ളിയത്.  ഒരു കിലോമീറ്റർ ആഴമുള്ള കൊക്കയിൽ നിന്നും രാജീവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. 

കഴിഞ്ഞ ജൂലൈയിലാണ് സംഭവം. മാങ്ങാത്തൊട്ടി, വാഴാട്ട് ഗോപി , തൊട്ടിക്കാനം, വാക്കോട്ടിൽ ബാബു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  ബാബുവിനൊപ്പം താമസിക്കുന്ന എമിലി എന്ന സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കേസ്സിൽ എമിലിയുടെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. ജൂലെ 10-ന് കൊല്ലപ്പെട്ട രാജീവിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൗസല്യ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.  

നെടുങ്കണ്ടം കോടതിയിൽ പോയതിന് ശേഷം മടങ്ങി വന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക പൊലീസ് സംഘം അന്വേഷണമാരംഭിച്ചു.  കാണാതാവുന്നതിന് തൊട്ട് മുന്പ് രാജീവ് പ്രതികളിലൊരാളായ വാഴാട്ട് ഗോപിയുടെ ഏലത്തോട്ടത്തിൽ അഞ്ച് ദിവസം ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.  രാജീവിനൊപ്പം കേസിലെ മറ്റ് പ്രതികളായ ബാബുവും  എമിലിയും തോട്ടത്തിൽ പണി ചെയ്തിരുന്നു. 

ബാബുവും എമിലിയും തോട്ടത്തിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്.  തന്റെ മൊബൈൽ ഫോൺ ബാബുവും എമിലിയും ചേർന്ന് മോഷ്ടിച്ചതായി രാജീവ് സ്ഥലമുടമയായ ഗോപിയോട് പറഞ്ഞു.  ഇതു സംബന്ധിച്ച് ഏലത്തോട്ടത്തിനകത്തെ ഷെഡിന് സമീപം വച്ച് പ്രതികൾ രാജീവുമായി തർക്കമുണ്ടായി. തർക്കത്തിനിടെ പ്രതികൾ കൈക്കോട്ടുകൊണ്ട് രാജീവിന്റെ തലയിൽ അടിച്ചു. തുടർന്ന് കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു.  മൃതദേഹം ചാക്കിലാക്കി രാത്രിവരെ പറമ്പില്‍ സൂക്ഷിച്ച ശേഷം പിക്അപ് ജീപ്പിൽ കയറ്റി, 10 കിലോമീറ്റർ അകലെയുള്ള രാജാപ്പാറ മെട്ടിലേക്ക് കൊണ്ടുപോയി. 

 ഇവിടെനിന്നും താഴെ കൊക്കയിലേയ്ക്ക് മൃതദേഹം ഉപേക്ഷിച്ചു. ഒരു കിലോമീറ്ററോളം ദൂരെ തമിഴ്നാടിനോട് ചേർന്ന വനമേഖലയിൽ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചത്.  പ്രതികളായ ഗോപിയെയും ബാബുവിനെയും കഴിഞ്ഞ ദിവസം രാജകുമാരിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ രാജാപ്പാറയിൽ തെളിവെടുപ്പിനെത്തിച്ചു.  തിരിച്ചറിയാനാകാത്ത വിധം മൃതദേഹം അഴുകിയിരുന്നു. രാജീവ് ധരിച്ചിരുന്ന വസ്ത്രങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. 


 

Follow Us:
Download App:
  • android
  • ios