ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ഇരുപത്തിമൂന്നുകാരനായ യുവാവിനെ കാമുകിയുടെ പിതാവ് കഴുത്തറത്ത് കൊന്നു. അന്‍കിത് സക്സേന എന്ന യുവാവാണ് ദില്ലിയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ദില്ലിയിലെ രഘുവീര്‍ നഗറിലാണ് കൊലപാതകം നടന്നത്. മറ്റൊരു സമുദായാംഗമായ അന്‍കിതിനെ മകള്‍ പ്രണയിച്ചതാണ് കൊലയിലേയ്ക്ക് നയിച്ചത്. അന്‍കിതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന്റെ അമ്മയ്ക്കും ഗുരുതര പരിക്കേറ്റു.
യുവതിയുടെ പിതാവും സഹോദരന്മാരും അമ്മയും അമ്മാവനും ചേര്‍ന്നാണ് അന്‍കിതിനെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ സഹോദരന്മാരെയും അറസ്റ്റ് ചെയ്തു. താനും കൊല്ലപ്പെട്ടേക്കുമെന്ന യുവതിയുടെ പരാതിയുടെ പുറത്ത് യുവതിയെ പൊലീസ് സംരക്ഷണയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയെ കാണാന്‍ പോകുമ്പോഴാണ് യുവാവ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു അന്‍കിതിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഫുട്‍പാത്തില്‍ ഉപേക്ഷിച്ച് പോയ അന്‍കിതിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
