തിരുവനന്തപുരം: കൈക്കുഞ്ഞുമായി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനേയും കുഞ്ഞിനേയും അതിസാഹസികമായി രക്ഷപ്പെടുത്തി. ആറ്റിങ്ങല്‍ ചെമ്പൂര് കട്ടിയാട് വിനീത് (38) ആണ് തന്റെ മൂന്ന് വയസുള്ള മകള്‍ അമിതയേയും കൊണ്ട് വീട്ടിലെ കിണറ്റില്‍ ഇറങ്ങി ആത്മഹത്യാഭീഷിണി മുഴക്കിയത്. നാട്ടുകാര്‍ ഓടിക്കൂടി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുവാവ് ചെവികൊണ്ടില്ല.

ഒടുവില്‍ പഞ്ചായത്ത് പ്രതിനിധികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ നാല് മണിക്കൂര്‍ കിണഞ്ഞ് പരിശ്രമിച്ച് കുട്ടിയെ പുറത്തെടുത്തു വിനീത് കിണറ്റില്‍ ചാടി പുറകെ ജീവന്‍ പണയം വച്ച് ഫയര്‍ഫോഴ്‌സ് ജീവനക്കാരായ അനീഷ്, ശ്രീരൂപ്, രജീഷ് എന്നിവര്‍ കിണറ്റില്‍ ഇറങ്ങി യുവാവിനെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ലോപ്പസ്, ആറ്റിങ്ങല്‍ പ്രൊബേഷന്‍ എസ്.ഐ.മാരായ സുധീപ്, ജിബി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സാഹസികമായ രക്ഷാപ്രവര്‍ത്തനം. 

വന്‍ ജനാവലിയാണ് സ്ഥലത്ത് തിങ്ങിക്കൂടിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ശ്രമത്തിന് കാരണം എന്നു പറയുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി വിനീത് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യ പ്രീതയും നാല് വയസുകാരല്‍ മകനും അടങ്ങുന്നതാണ് വിനീതിന്റെ കുടുംബം.