എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി എക്സൈസ് അധികൃതരുടെ പരിശോധനയില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: വിദേശ മദ്യവില്‍പ്പനക്കിടെ യുവാവ് പിടിയില്‍. കട്ടിപ്പാറ വേണാടി ഇരൂള്‍കുന്നുമ്മല്‍ രാജീവിനെയാണ് താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ പഞ്ചായത്തിലെ വേണാടി പ്രദേശത്ത് വിദേശ മദ്യവില്‍പ്പന വ്യാപകമാണെന്ന് കാണിച്ച് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് താമരശേരി എക്‌സൈസ് അധികൃതര്‍ പരിശോധന നടത്തി. 

വിദേശമദ്യ ഷാപ്പുകളില്‍ നിന്നും എത്തിക്കുന്ന മദ്യം കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതിന് പിന്നില്‍ പ്രദേശവാസിയായ രാജീവനാണെന്ന് കണ്ടെത്തുകയും ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു. മൂന്നുകുപ്പി വിദേശ മദ്യം ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് രാജീവന്‍ എക്‌സൈസിന്റെ പിടിയിലായത്. മദ്യവില്‍പ്പനയില്‍ നിന്നും ലഭിച്ച 500 രൂപയും ഇയാളുടെ കയ്യിലുണ്ടായിരുന്നു.

മുന്‍പ് ഇയാള്‍ 10 ലിറ്റര്‍ വിദേശ മദ്യവുമായി കോഴിക്കോട്ട് പിടിയിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും വിദേശ മദ്യ വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി കുര്യാക്കോസ് പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, സുമേഷ്, ഷാജു, സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യ വില്‍പ്പന പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.