വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവൻ വീട്ടിൽ തൂങ്ങിമരിച്ചത്
കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിന് നേരെ പൊലീസ് മൂന്നാം മുറ പ്രയോഗിച്ചതായി പരാതി.വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കുടുംബാംഗങ്ങളാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.വയറിന് ഗുരുതര പരിക്കേറ്റ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി.എന്നാൽ കസ്റ്റഡി മർദനം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവൻ വീട്ടിൽ തൂങ്ങിമരിച്ചത്.അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് വീട്ടുകാർ പറയുന്നത്.
വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടർച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല.രാവിലെ സ്റ്റേഷനിൽ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിനെോടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കൾ പറയുന്നു.
ആള് മാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ പറയുന്നു.എന്നാൽ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം.15 പ്രതികളുള്ള കേസിൽ പത്ത് പേർ ഇതുവരെ പിടിയിലായി.5 പേർക്കായുള്ള തെരച്ചിലിലാണ് പൊലീസ്.
