കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്ക് 151 ദിവസമാണ് വെറും കൽക്കണ്ടത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നത്.
കാസർകോട്: പിടികൂടിയ കൽക്കണ്ടം, എംഡിഎംഎ എന്ന് ആരോപിച്ച് യുവാക്കളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത്ജയിലിൽ അടച്ച സംഭവം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യാഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോർട്ട് നൽകണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്ക് 151 ദിവസമാണ് വെറും കൽക്കണ്ടത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നത്. ലാബ് പരിശോധനാ ഫലത്തിൽ മയക്കുമരുന്ന് അല്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇരുവരെയും ജയിൽ മോചിതരാക്കിയത്. ഈ പൊലീസ് ക്രൂരത കേരളത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.
കോഴിക്കോട് എത്തി താമസിച്ച് രാവിലെ ചായ കുടിക്കാൻ പോയവുമ്പോഴാണ് തന്നേയും സുഹൃത്തിനേയും ഡാൻസാഫ് വളയുന്നതെന്ന് ബിജു മാത്യു പറഞ്ഞു. ദേഹവും പോക്കറ്റും പരിശോധിച്ചു. മണികണ്ഠൻ്റെ പോക്കറ്റിൽ നിന്നാണ് കൽക്കണ്ടം കണ്ടെടുത്തത്. ഇത് കടയിൽ നിന്ന് കിട്ടിയതാണെന്നും മറ്റൊന്നുമല്ലെന്നും ഞങ്ങൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇത് മറ്റേ സാധനമാണെന്നായിരുന്നു അവരുടെ മറുപടി. വേണമെങ്കിൽ രക്തം വരെ പരിശോധിക്കാൻ താനാവശ്യപ്പെട്ടു. നിലവിൽ ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ്. പുറത്തിറങ്ങി നടക്കാറില്ലെന്നും ബിജു മാത്യു പറഞ്ഞു.


