മെഡിക്കല്‍ കോളേജിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോട്ടൂളി, മായനാട് തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ക്ക് നിയമനം നല്‍കണമെന്നായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആവശ്യം.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ പരിസരവാസികള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. മെഡിക്കല്‍ കോളേജിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോട്ടൂളി, മായനാട് തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ക്ക് നിയമനം നല്‍കണമെന്നായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആവശ്യം. നിലവില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവരെ വേതനം നല്‍കിയ ശേഷം മാത്രമേ പിരിച്ചു വിടാവൂ എന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഉപരോധത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഇന്ന് താത്ക്കാലിക ജീവനക്കാര്‍ക്കായി നടത്തുന്ന അഭിമുഖത്തില്‍ പത്ത് ശതമാനം മെഡിക്കല്‍ കോളേജിനാല്‍ ദുരിതമനുഭവിക്കുന്ന പരിസരവാസികള്‍ക്ക് നല്‍ക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. നിലവിലുള്ള താത്ക്കാലിക ജീവനക്കാര്‍ക്ക് നല്‍കാനുള്ള വേതന കുടിശ്ശിക നല്‍കിയതിന് ശേഷം മാത്രമേ ഇന്ന് നടക്കുന്ന അഭിമുഖത്തില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ നിയമിക്കൂവെന്നും സൂപ്രണ്ട് ഡോ.സജിത്ത് ഉറപ്പുനല്‍കി. 

കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലിയില്‍ പ്രവേശിച്ചവരുടെ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നുവെങ്കിലും വേതനം നല്‍കാത്തതിനാല്‍ ഇവരെ പിരിച്ചു വിട്ടിട്ടില്ല. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസത്തെ വേതനമാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. മാര്‍ച്ച് 31നകം ഇവര്‍ക്ക് വേതനം നല്‍കുമെന്നും അതിനുശേഷം മാത്രമേ ഇവരെ പിരിച്ചു വിടുകയുള്ളൂവെന്നും സൂപ്രണ്ട് ഉറപ്പുനല്‍കി. 

യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സാലു ഇരത്തിയില്‍, ജനറല്‍ സെക്രട്ടറി ബബീഷ് ഉണ്ണികുളം, വൈസ് പ്രസിഡണ്ട് പി. രാകേഷ്, ട്രഷറര്‍ ടി. നിവേദ്, സെക്രട്ടറി എം. സനൂപ്, കെ. വിവേക്, എന്‍. സുഗേഷ്, എം. രഞ്ജിത്ത്, കെ. അഗീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.