മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ടുപേര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടിവീഴുകയായിരുന്നു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ടുപേര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടിവീഴുകയായിരുന്നു. കോഴിക്കോട് കെ.യു.ഡബ്ല്യു.ജെ പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം.
ശബരിമലയില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നു. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു. സംഘര്‍ഷമുണ്ടാക്കാന്‍ മുനഃപൂര്‍വ്വം ആളെകൂട്ടി. കുഴപ്പം കാണിക്കാന്‍ ചിലര്‍ വരുമ്പോള്‍ അതിനു കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. അറസ്റ്റിലായ ചിലരുടെ സ്ഥാനമാനങ്ങള്‍ ഇപ്പോള്‍ പുറത്തുവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ എന്തോ പിടിവാശി കാണിക്കുന്നു എന്ന മട്ടില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ എന്ത് പിടിവാശിയാണ് കാണിക്കുന്നത്. നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് അംഗീകരിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗമാണ് സര്‍ക്കാരിനു മുന്നിലുള്ളത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കത്തുകള്‍ സംസ്ഥാനത്തിന് വന്നുകൊണ്ടിരിക്കുകയാണ്. കോടതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നു. നാളെ കോടതി വ്യത്യസ്തമായി പറഞ്ഞാല്‍ അത് അംഗീകരിക്കും.
കോടതി പറയുന്നതിന് ഒപ്പം നില്‍ക്കാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. കോടതിവിധിയുണ്ട് എന്നു കരുതി സ്ത്രീകള്‍ ഒന്നാകെ കയറിക്കോട്ടെ എന്ന് സര്‍ക്കാര്‍ നിലപാടില്ല. വിശ്വാസികളായ സ്ത്രീകള്‍ ആണ് അത് തീരുമാനിക്കേണ്ടത്. വരുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തന്നെ ആരാധനാ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിയമപ്രകാരം ബാധ്യതയുള്ള കാര്യം മാത്രമാണ് സര്‍ക്കാര്‍ നിര്‍വഹിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍. ഇതിന്റെ പേരില്‍ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മതനിരപേക്ഷതയാണ് തകര്‍ക്കപ്പെടുന്നത്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ആശങ്ക പങ്കുവയ്ക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
