പാലക്കാട്: ഐഎസ് ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശികളായ സഹോദരങ്ങള്‍ വിവാദ പ്രഭാഷകന്‍ സക്കീര്‍ നായികിന്റെ അനുയായികളെന്ന് മാതാപിതാക്കള്‍. മുംബൈയില്‍ വച്ച് സക്കീര്‍ നായിക് ആണ് ഇസയെയും യഹിയയെയും മതം മാറ്റിയതെന്നും പിതാവ് വിന്‍സന്റ് പറഞ്ഞു.

ഡോ. സക്കീര്‍ നായികിന്റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ധാക്കയില്‍ ഭീകരര്‍ ആക്രമണം നടത്തിയതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാലക്കാട് സ്വദേശികളായ സഹോദരങ്ങള്‍ സക്കീര്‍ നായികിന്റെ അനുയായികളാണെന്ന് പിതാവ് വിന്‍സന്റ് വെളിപ്പെടുത്തുന്നത്. മുംബൈയില്‍ വച്ച് സക്കീര്‍ നായിക് ആണ് ആദ്യം യഹിയയെയും പിന്നീട് ഇസയെയും ഇസ്ലാം മതത്തിലക്ക് പരിവര്‍ത്തനം ചെയ്തത്. നവംബറില്‍ സഹോദരിയുടെ ഭര്‍ത്താവിനെയും മുംബൈയില്‍ സക്കീര്‍ നായികിന്റെ പക്കലെത്തിച്ച് മതംമാറ്റുവാന്‍ യഹിയ ശ്രമിച്ചിരുന്നു.

ഞായറാഴ്ച ദിവസങ്ങളില്‍ പാലക്കാട് മുടപ്പല്ലൂരില്‍ ഏതോ കേന്ദ്രത്തില്‍ മക്കളും ഭാര്യമാരും പോയിരുന്നു. നിലമ്പൂര്‍ കാസര്‍കോഡ് എന്നിവിടങ്ങളിലും മുംബൈയിലും ഇടയ്ക്കിടെ പോയിവന്നിരുന്നു. രാപകലില്ലാതെ മക്കളുടെയും മരുമക്കളുടെയും ഫോണില്‍ മതത്തെ സംബന്ധിച്ച പലതും വാട്‌സപ്പ് സന്ദേശങ്ങളായും എസ്എംഎസുകളായും വരുമായിരുന്നു.

മെയ് പതിനെട്ടിന് കോയമ്പത്തൂരിലേക്ക് പോകുന്നു എന്നും അവിടെ നിന്നും ബാംഗ്ലൂര്‍ വഴി ശ്രീലങ്കയിലേക്ക് പോകും എന്നുമാണ് ഇവര്‍ വീട്ടില്‍ പറഞ്ഞിരുന്നത്. യാത്രയ്ക്ക് രണ്ട് ദിവസം മുന്പ് ത്വക്കില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് ഇസയും യഹിയയും താടി മുറിച്ച് രൂപമാറ്റം നടത്തിയിരുന്നെന്നും ഇത് സുരക്ഷിതമായി നാടുവിടാനായിരുന്നെന്ന് ഇപ്പോള്‍ സംശയിക്കുന്നതായും വിന്‍സന്റ് പറയുന്നു.