മുസ്ലിം മതപ്രഭാഷകൻ ഡോ.സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി മലേഷ്യൻ സർക്കാർ
ക്വലാലംപൂർ: മുസ്ലിം മതപ്രഭാഷകൻ ഡോ.സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് റിപ്പോര്ട്ടുകള് തള്ളി മലേഷ്യൻ സർക്കാർ. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദാണ് ഇക്കാര്യത്തില് നയം വ്യക്തമാക്കിയത്. സാക്കിർ നായിക്കിന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ അദ്ദേഹത്തെ തിരിച്ചയക്കാനാകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി സാക്കിറിന് മലേഷ്യ സ്ഥിരതാമസത്തിനുള്ള അവസരം ഒരുക്കിയിട്ടുള്ളതാണെന്നും കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് സാക്കിർ നായിക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ സാക്കിർ ഇത് നിഷേധിക്കുകയാണുണ്ടായത്. ഇന്ത്യയിലേക്ക് താൻ ഉടൻ മടങ്ങുന്നില്ലെന്നു പറഞ്ഞ സാക്കിർ നീതിയുക്തമല്ലാത്ത വിചാരണയിൽ വിശ്വസിക്കുന്നില്ലെന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് നീതിപൂർവമായ നിലപാട് ഉണ്ടാകുമ്പോഴേ മടക്കമുള്ളൂ എന്നുമായിരുന്നു പറഞ്ഞത്. സാക്കിറിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിർ ഇന്ത്യ വിട്ടത്. മലേഷ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സർക്കാർ സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കുകയും ചെയ്തു. ദേശീയ തീവ്രവാദ വിരുദ്ധ ഏജൻസിയുടെ അന്വേഷണം നേരിടുന്ന സാക്കിറിനെ എത്രയും വേഗം തിരിച്ചത്തിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേഷ്യൻ സർക്കാർ ഈ ആവശ്യം നിരസിക്കുകയായിരുന്നു.
സാക്കിറിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പലവട്ടം ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെയെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാമെന്ന് അറിയിച്ചതാണെന്നും എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നും മലേഷ്യൻ സർക്കാർ വ്യക്തമാക്കിയിരുന്നു. സാക്കിർ നായികിന്റെ പ്രഭാഷണങ്ങൾ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹാർദ്ദം തകർക്കുമെന്നും വിദ്വേഷം വർധിപ്പിക്കുമെന്നുമായിരുന്നു എൻഐഎയുടെ നിരീക്ഷണം.
