മക്കയിലെ സംസം കിണറുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിൽ. നിർമ്മാണം പൂർത്തിയാകുന്നതോടെ വിശുദ്ധ കഅബക്ക് ചുറ്റും തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കും.

മക്കയിലെ ഹറം പള്ളിയിലുള്ള സംസം കിണറുമായി ബന്ധപ്പെട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് ആരംഭിച്ചത്. തൊണ്ണൂറ് ശതമാനം പണി പൂര്‍ത്തിയായതായും ഏപ്രില്‍ മധ്യത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമെന്നും മക്ക ആക്ടിംഗ് അമീര്‍ പ്രിന്‍സ് അബ്ദുള്ള ബിന്‍ ബന്ദര്‍ അറിയിച്ചു. നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തന്നെ പണി പൂര്‍ത്തിയാക്കിയതില്‍ ധനകാര്യ മന്ത്രാലയം, ഹറം കാര്യവകുപ്പ്, ഹറം സുരക്ഷാ വിഭാഗം തുടങ്ങിയവരെ അമീര്‍ അഭിനന്ദിച്ചു. ഹറം പള്ളിയിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കഅബയെ പ്രദിക്ഷണം വെക്കുന്ന തവാഫ് നിര്‍വഹിക്കുന്നതില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇല്ലാതാകും. മതാഫില്‍ തവാഫ് നിര്‍വഹിക്കുന്നതിന് ഉംറ തീര്‍ഥാടകരെ മാത്രമേ ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ.  സംസം കിണറിന്റെ  ഭാഗത്തേക്ക് കിഴക്ക് ഭാഗത്ത് നിന്നും അഞ്ച് പാലങ്ങളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. എട്ടു മീറ്റര്‍ വീതിയും നൂറ്റി ഇരുപത് മീറ്റര്‍ നീളവും ഈ പാലങ്ങള്‍ക്ക് ഉണ്ട്. ഇരുനൂറ്റിയമ്പതിലധികം എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരും, പതിനൊന്നു ക്രെയിനുകളും നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്. പുണ്യജലമായ സംസമിന്റെ സംരക്ഷണവും വിതരണവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് നവീകരണത്തിന്റെ ലക്ഷ്യം.