ഇന്ന് നടക്കുന്ന മത്സരം ഉള്‍പ്പെടെ ചാമ്പ്യന്‍ ട്രോഫിയിലെ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരങ്ങളെല്ലാം ബഹിഷ്കരിക്കാന്‍ 'സീ' ഗ്രൂപ്പിന് കീഴിലുള്ള മാധ്യമങ്ങള്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കുകയാണെന്നാണ് സീ മീഡിയ ഗ്രൂപ്പ് ഉടമയും രാജ്യസഭാ എം.പിയുമായി ഡോ. സുഭാഷ് ചന്ദ്ര അറിയിച്ചത്. ഭീകരപ്രവര്‍ത്തനവും ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ ഭീകരപ്രവര്‍ത്തനവും ക്രിക്കറ്റും എങ്ങനെയാണ് ഒത്തുപോവുന്നതെന്നും സുഭാഷ് ചന്ദ്ര ചോദിച്ചു.

സീ ചാനലുകള്‍, ന്യൂസ് പോര്‍ട്ടലുകള്‍, ഗ്രൂപ്പിന് കീഴിലുള്ള ഡി.എല്‍.എ അടക്കമുള്ള പത്രങ്ങള്‍ തുടങ്ങിയവയൊന്നും ഇന്ത്യാ-പാകിസ്ഥാന്‍ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുകയോ വാര്‍ത്തകള്‍ നല്‍കുകയോ ഇല്ല. കാബൂളില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങളെല്ലാം ഉപേക്ഷിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞെങ്കില്‍ ഇന്ത്യക്ക് എന്തുകൊണ്ട് അത് കഴിയുന്നില്ലെന്നും ചാനലുടമ ചോദിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ മറ്റെല്ലാ മത്സരങ്ങളും ചാനലില്‍ സംപ്രേക്ഷണം ചെയ്യും. ഇന്ത്യാ-പാകിസ്ഥാന്‍ മത്സരങ്ങളുടെ സ്ഥാനത്ത് അതിര്‍ത്തിയില്‍ സേവനമനുഷ്ടിക്കുന്ന സൈനികരെക്കുറിച്ചുള്ള മറ്റ് പരിപാടികളായിരിക്കും സംപ്രേക്ഷണം ചെയ്യുകയെന്നാണ് സീ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.