ഹരാരെ: പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലാക്കിയ പട്ടാള നടപടിക്ക് നന്ദി അറിയിച്ച് പതിനായിരക്കണക്കിന് സിംബാബ്‍വെക്കാര്‍ തെരുവിലിറങ്ങി.
37 വര്‍ഷത്തെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച പട്ടാള നടപടിയോട് ജനങ്ങള്‍ക്കും അനുകൂല നിലപാടാണെന്നാണ് സിംബാബ്‍വെയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാട്ടാളത്തെ അനുകൂലിച്ച് തെരുവിലിറങ്ങിയ ജനം സൈനീകരെ ആലിംഗനം ചെയ്തും മധുരം വിതരണം ചെയ്തും കൊടികള്‍ വീശിയും ആഘോഷിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 'മുഗാംബെ തീര്‍ച്ചയായും പുറത്ത് പോകണം', 'സംഭവിച്ചത് സംഭവിച്ചു', 'പോകൂ പോകൂ ജനറല്‍' തുടങ്ങിയ പ്ലേ കാര്‍ഡുകള്‍ പിടിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തെരുവുകളില്‍ ആഘോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
93 -കാരനായ പ്രസിഡന്റ് മുഗാബെ തന്റെ വിശ്വസ്തനായ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ നന്‍ഗാഗ്വയെ പുറത്താക്കി ഭാര്യ ഗ്രെയ്‌സിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പട്ടാളം അധികാരം പിടിച്ചെടിക്കുകയും മുഗാബെയെ പ്രസിഡന്റ് പുറത്താക്കുകയും ചെയ്തത്.
37 വര്‍ഷത്തെ ഭരണത്തിനിടയില്‍ നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളും സാമ്പത്തിക-ആരോഗ്യമേഖലയുടെ തകര്‍ച്ചയും ജനങ്ങളെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
