സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സൊമാറ്റൊ ഉള്‍പ്പടെയുള്ള കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്
മധുര: ഓണ്‍ലൈനില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ എത്തിയ ഡെലിവറി ബോയ് വഴിയില്‍ വെച്ച് ആ ഭക്ഷണം തുറന്ന് കഴിച്ചു. ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഡെലിവറി ബോയിയാണ് ഓഡര്‍ ചെയ്ത ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോല്‍ പുറത്ത് വന്നിരിക്കുന്നത്. ഉപയോക്താവിന്‍റെ ഫുഡ് പാഴ്‌സല്‍ തുറന്ന് അതില്‍ നിന്ന് കഴിച്ചതിന് ശേഷം വീണ്ടും പഴയപടി പാഴ്‌സല്‍ ചെയ്തു വെക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സൊമാറ്റൊ ഉള്‍പ്പടെയുള്ള കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. മധുരയിലാണ് സംഭവമുണ്ടായത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ഡെലിവറി ബോയ്. വളരെ ശ്രദ്ധയോടെ സ്പൂണ്‍ ഉപയോഗിച്ച് മുകളില്‍ നിന്നാണ് ഭക്ഷണം എടുത്ത് കഴിക്കുന്നത്.
കുറച്ച് കഴിച്ച ശേഷം പഴയപോലെ പാക്ക് ചെയ്ത് അയാള്‍ ഡെലിവറി ബോക്‌സിന് ഉള്ളില്‍ വെച്ചു. തുടര്‍ന്ന് ബോക്‌സില്‍ നിന്ന് വീണ്ടും മറ്റൊരു പായ്ക്കറ്റ് പുറത്തെടുത്ത് അതില്‍ നിന്നും കഴിച്ച ശേഷം ഭക്ഷണപ്പൊതി വീണ്ടും പഴയരീതിയില്‍ വയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡെലിവറി ബോയ്‌സിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രൂക്ഷമായി നടപടിയെടുക്കും എന്ന് സൊമാറ്റോ പറഞ്ഞു. വീഡിയോയില്‍ കാണുന്ന ആളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായും കമ്പനി വ്യക്തമാക്കി.
