Asianet News MalayalamAsianet News Malayalam

ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ എന്ത് ഓണസദ്യ

ചുരുങ്ങിയ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ശർക്കര വരട്ടി

sharkara varatti onam recipe
Author
Kochi, First Published Aug 18, 2021, 11:54 AM IST

ഓണസദ്യയിലെ മധുര പ്രിയനാണ് ശർക്കരവരട്ടി. വാഴയിലയുടെ ഇടതുഭാഗത്ത് വിളമ്പുന്ന ശർക്കരവരട്ടിയും ഉപ്പേരിയും രുചിച്ചാണ് നമ്മൾ സദ്യയിലേക്ക് കടക്കുന്നത് തന്നെ. ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല. ചുരുങ്ങിയ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ശർക്കര വരട്ടി. എങ്ങനെയാണ് ശർക്കരവരട്ടി ഉണ്ടാക്കുകയെന്ന് നമ്മുക്ക് നോക്കാം. പച്ച നേന്ത്രക്കായ നല്ലതു പോലെ കഴുകി തൊലി കളഞ്ഞ് രണ്ടായി മുറിച്ചതിനു ശേഷം ചെറു കഷണങ്ങളായി അരിഞ്ഞെടുക്കുക. നേന്ത്രക്കായയുടെ കറ കളയുന്നതിനായി ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കുറച്ച് സമയം ഇട്ടുവെക്കുക. ശേഷം വെള്ളം വാര്‍ത്തുകളഞ്ഞു നേന്ത്രക്കായയിലെ ജലാംശം നന്നായി ഒപ്പിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന നേന്ത്രക്കായ ചേര്‍ത്ത് ഫ്രൈ ചെയ്യുക. നന്നായി ഫ്രൈ ആയ നേന്ത്രക്കായ മറ്റൊരു പാത്രത്തിലേക്കു മാറ്റി ചൂടാറാന്‍ വെക്കുക. മറ്റൊരു പാത്രത്തില്‍ ശര്‍ക്കരയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ശര്‍ക്കര അലിയിച്ചെടുത്ത ശേഷം ശര്‍ക്കരപാനി തയ്യാറാക്കുക. പാനി നൂല്‍പരുവം എത്തുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന നേന്ത്രക്കായ കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറു തീയില്‍ നന്നായി മിക്‌സ് ചെയ്തെടുക്കുക, ഇതിലേക്ക് ചുക്ക്, ഏലക്കായ, ജീരകം എന്നിവ പൊടിച്ചു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശര്‍ക്കര നേന്ത്രക്കായ കഷണങ്ങളില്‍ നന്നായി പിടിച്ചു കഴിയുമ്പോള്‍ തീ അണച്ചുവെക്കുക. ഒന്നോ രണ്ടോ മിനിറ്റിനുശേഷം ആവശ്യത്തിന് പഞ്ചസാര പൊടിച്ചു ചേര്‍ത്ത് നേന്ത്രക്കായ കഷ്ണങ്ങള്‍ പരസ്പരം ഒട്ടി പിടിക്കാത്ത പോലെ ഇളക്കി എടുത്തു ചൂടാറാന്‍ വെക്കുക. ശര്‍ക്കരവരട്ടി റെഡി.

Follow Us:
Download App:
  • android
  • ios