സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അവസാന അവസരമായിരുന്നു പോള്‍വാള്‍ട്ടില്‍ മത്സരിക്കാനിറങ്ങിയ കോഴിക്കോട്‌ സ്വദേശി റൊണാള്‍ഡിന്‌. 2023 ല്‍ ആദ്യമായി കായികമേളയില്‍ മത്സരിച്ചപ്പോള്‍ വെള്ളിയും, 2025 ല്‍ വെങ്കലവും നേടിയ റൊണാള്‍ഡ്‌ 2024 ല്‍ നാലാം സ്ഥാനത്തായിരുന്നു.

കോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അവസാന അവസരമായിരുന്നു പോള്‍വാള്‍ട്ടില്‍ മത്സരിക്കാനിറങ്ങിയ കോഴിക്കോട്‌ സ്വദേശി റൊണാള്‍ഡിന്‌. 2023 ല്‍ ആദ്യമായി കായികമേളയില്‍ മത്സരിച്ചപ്പോള്‍ വെള്ളിയും, 2025 ല്‍ വെങ്കലവും നേടിയ റൊണാള്‍ഡ്‌ 2024 ല്‍ നാലാം സ്ഥാനത്തായിരുന്നു. ആദ്യ മൂന്ന്‌ അവസരങ്ങളില്‍ രണ്ട്‌ മെഡലുകള്‍ സ്വന്തമാക്കിയ താരത്തിന്‌ സ്വര്‍ണ മെഡല്‍ എന്നൊരു സ്വപ്‌നം ബാക്കിയുണ്ടായിരുന്നു.ഇത്തവണ, അത്‌ സാധിച്ചു. സീനിയര്‍ ബോയ്‌സ്‌ പോള്‍വാള്‍ട്ടില്‍ 4.30 മീറ്റര്‍ ഉയരം താണ്ടിയ കുറ്റിയാടി പശുക്കടവ്‌ സ്വദേശി റൊണാള്‍ഡ്‌ സ്വര്‍ണമണിഞ്ഞു.

റബ്ബര്‍ കര്‍ഷകനായ പിതാവ്‌ റോയിച്ചലിന്റെ അധ്വാനവും ആത്മസമര്‍പ്പണവുമാണ്‌ മകന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്‌. മകന്‍ കായിക മേഖലയില്‍ മികച്ച മേല്‍വിലാസമുണ്ടാക്കുന്നത്‌ കാണുവാന്‍ കൊതിച്ചു നില്‍ക്കുകയാണ്‌ പിതാവ്‌. താനിതുവരെ പ്രയാസങ്ങളൊന്നും അറിയാതെ സ്‌പോര്‍ട്‌സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്‌ തന്റെ പിതാവിന്റെ കഠിനാധ്വാനത്തിന്റെ പിന്‍ബലത്തിലായിരുന്നുവെന്ന്‌ താരം പറയുന്നു. തന്റെ പരിശീലനത്തിനും മുന്നേറ്റത്തിനുമായി അച്ഛന്‍ ഒരുക്കിയ സൗകര്യങ്ങള്‍ക്കും പിന്തുണയ്‌ക്കുമുള്ള നന്ദിയാണ്‌ ഈ സ്വര്‍ണമെന്ന്‌ താരം പറഞ്ഞു. പുല്ലുരാംപാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌ എസ്‌ എസില്‍ എട്ടും ഒന്‍പതും ക്ലാസുകളില്‍ പഠിച്ച റൊണാള്‍ഡ്‌ പത്താം ക്ലാസ്‌ മുതല്‍ മലപ്പുറം ഐഡിയല്‍ എച്ച്‌ എസ്‌ എസിലേക്ക്‌ ചേക്കേറി. ഇപ്പോള്‍ ഐഡിയല്‍ എച്ച്‌ എസ്‌ എസില്‍ പ്ലസ്‌ ടു കൊമേഴ്‌സ്‌ വിദ്യാര്‍ഥിയാണ്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK