ദില്ലി: മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യവുമായി യുവതാരം നിഖാത് സരീന്‍, കായികമന്ത്രിയെ സമീപിച്ചു.സരീനെ പിന്തുണച്ച് അഭിനവ് ബിന്ദ്ര രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. ലോക ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന വനിതാ താരങ്ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയിൽ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്സിംഗ് ഫെഡറേഷന്‍റെ പ്രഖ്യാപനം.

എന്നാല്‍ ലോകചാംപ്യന്‍ഷിപ്പിലെ മെഡൽ ജേതാക്കള്‍ക്ക് ദില്ലിയിൽ ഒരുക്കിയ സ്വീകരണത്തിൽ, സെമിയിൽ തോറ്റ വനിതാതാരങ്ങളെയും ചൈനയിലേക്ക് അയക്കുമെന്ന് ഫെഡറേഷന്‍ നിലപാട് മാറ്റി. ഇത് നടപ്പായാല്‍ മേരി കോമിന് , ഇന്ത്യയിലെ ട്രയൽസിൽ മത്സരിക്കാതെ ചൈനയിലെ ടൂര്‍ണമെന്‍റിന് യോഗ്യത നേടാം. ഈ തീരുമാനത്തെയാണ് യുവതാരം നിഖാത് സരീന്‍ ചോദ്യം ചെയ്യുന്നത്.

മേരി കോമിനെ പോലെ 51 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന നിഖാത് സരീന്‍ , ട്രയൽസിലൂടെ മാത്രമേ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാവൂ എന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിനെ സമീപിച്ചു. തന്‍റെ കഴിവ് തെളിയിക്കാനുള്ള അവസരം മാത്രമാണ് ചോദിക്കുന്നതെന്നും സരീന്‍ ട്വീറ്റ് ചെയ്തു. സരീനെ പിന്തുണച്ച് ഒളിംപിക് സ്വര്‍ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര രംഗത്തെത്തിയതും ശ്രദ്ധേയമായി. മേരി കോമിനോട് ബഹുമാനമുണ്ടെങ്കിലും സ്പോര്‍ട്സില്‍ ഇന്നലെകള്‍ക്ക് പ്രസക്തിയില്ലെന്നാണ് ബിന്ദ്രയുടെ പ്രതികരണം.

ട്രയൽസിന് മേരി കോം തന്നെ സന്നദ്ധത പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ ഷൂട്ടിംഗ് പരിശീലകന്‍ ജോയ്ദീപ് കര്‍മാകറും അഭിപ്രായപ്പെട്ടു. വിവാദം ശക്തമാകുന്പോള്‍ കായികമന്ത്രിയുടെ നിലപാട് ശ്രദ്ധേയമാകും. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡൽ ജേതാവായ നിഖാത് സരീന്‍ , മെയിൽ ഇന്ത്യ ഓപ്പണിൽ മോരി കോമിനോട് തോറ്റിരുന്നു.