കൊച്ചി: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ് തല പൊട്ടിയ സംഭവം സംഘാടകരുടെ പിടിപ്പുകേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിനു സമര്‍പ്പിക്കും. ഒരേസമയം ജാവലിന്‍ ത്രോയും ഹാമര്‍ ത്രോയും നടത്തിയതാണ് അപകടം ക്ഷണിച്ചു വരുത്തിയതിനു കാരണമെന്നും മത്സരം നടത്തിയപ്പോള്‍ വേണ്ടത്ര ജാഗ്രത സംഘാടകര്‍ പുലര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരു മത്സരങ്ങളും ഒന്നിച്ചു നടത്തുമ്പോള്‍ അതിലെ ഓരോ ഏറും (ത്രോ) മാറി മാറി ചെയ്യുക എന്നതായിരുന്നു നിബന്ധന. അതായത്, ഒരു ജാവലിന്‍ ത്രോ കഴിഞ്ഞാല്‍, ഒരു ഹാമര്‍.. എന്നാല്‍, ഇത് കാര്യക്ഷമമായും കൃത്യമായും ചെയ്യാന്‍ സംഘാടകര്‍ക്കായില്ല. അതുപോലെ എറിയുന്ന ജാവലിനും ഹാമറും തിരികെ ഏല്‍പ്പിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന അഫീല്‍ അടക്കമുള്ള വോളണ്ടിയര്‍മാര്‍ പരിചയസമ്പന്നരായിരുന്നില്ല. ഹാമര്‍ എറിയുന്നത് ശ്രദ്ധിക്കാതെ ജാവലിന്‍ എടുക്കുന്നതിനായി അഫീല്‍ പോയതാണ് അപകടമുണ്ടാക്കിയത്.

മീറ്റ് മൂന്ന് ദിവസമായാണ് സംഘടിപ്പിക്കപ്പെട്ടത്. ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 143 ഇനങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന വലിയ കടമ്പയാണ് സംഘാടകര്‍ക്കു മുന്നിലുണ്ടായിരുന്നത്. അപ്രായോഗികമായ രീതിയാണിത്. അഫീലിനൊപ്പം വോളണ്ടിയറായി ദൂരം അളക്കാന്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാനും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നു റിപ്പോര്‍ട്ട് അടി വരയിടുന്നു. 

ഒരേ സമയം ഫീല്‍ഡില്‍ ഇത്രയധികം മത്സരങ്ങള്‍ പാടില്ല. സൗകര്യങ്ങള്‍ കുറവെങ്കില്‍ രണ്ട് ഇനങ്ങളിലെയും ഓരോ ത്രോയും മാറി മാറി ചെയ്യുന്നത് വളരെ ശ്രദ്ധയോടെ ആവണം. എന്നാല്‍ അത് ഒഴിവാക്കുന്നതാണ് അഭികാമ്യം. ഫീല്‍ഡില്‍ പുറത്തു നിന്നുള്ളവരെ കയറ്റുവാന്‍ പാടില്ല. ഇത്തരത്തിലുള്ള മീറ്റുകള്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം. - റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കേരള സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ മുന്‍ ഡയറക്ടര്‍ കെ.കെ. വേണു, സായി പരിശീലകനായിരുന്ന എം.ബി.സത്യാനന്ദന്‍, ഒളിംപ്യന്‍ വി.ദിജു എന്നിവരാണ് അന്വേഷണ സമിതിയംഗങ്ങള്‍. ഇവര്‍ മീറ്റ് നടന്നു രണ്ടു ദിവസത്തിനുള്ളില്‍ സ്റ്റേഡിയത്തിലെത്തി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഘാടകരുടെ മൊഴി പല ദിവസങ്ങളിലായി എടുത്തിരുന്നു. 

പാലായില്‍ ഈ മാസം നാലാം തീയതിയായിരുന്നു,  സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തില്‍ വോളണ്ടിയറായിരുന്ന അഫീല്‍ ജാവലിന്‍ എടുക്കാന്‍ ഗ്രൗണ്ടിലേക്ക് കയറിയപ്പോഴാണ് ഹാമര്‍ പതിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടരയാഴ്ചയിലേറെ വേദനയുമായി മല്ലടിച്ചശേഷം തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു അഫീല്‍ എന്ന പതിനാറുകാരന്‍.