Asianet News MalayalamAsianet News Malayalam

പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിനെ വീഴ്ത്തി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലില്‍

ഫലാഹിന്റെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെയായിരുന്നു കാലിക്കറ്റിന്റെ തുടക്കം. എന്നാല്‍ പി എസ് മനോജിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. പക്ഷേ, സന്തോഷിന്റെ സെര്‍വ് പാളിയത് അവര്‍ക്ക് തിരിച്ചടിയായി.

Ahmedabad Defenders into the finals of prime volleyball league after beating Calicut Heroes
Author
First Published Mar 4, 2023, 10:01 PM IST

കൊച്ചി: പ്രൈം വോളിബോള്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ബംഗളൂരു ടോര്‍പ്പിഡോസും ഏറ്റുമുട്ടും. വാശിയേറിയ രണ്ടാം സെമിയില്‍ അഹമ്മദാബാദ് പൊരുതിക്കളിച്ച കാലിക്കറ്റ് ഹീറോസിനെ കീഴടക്കി. സ്‌കോര്‍: 17-15, 9-15, 17-15, 15-11. അഹമ്മദാബാദിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. അംഗമുത്തുവാണ് കളിയിലെ താരം.

ഫലാഹിന്റെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെയായിരുന്നു കാലിക്കറ്റിന്റെ തുടക്കം. എന്നാല്‍ പി എസ് മനോജിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. പക്ഷേ, സന്തോഷിന്റെ സെര്‍വ് പാളിയത് അവര്‍ക്ക് തിരിച്ചടിയായി. ഷഫീക്ക് റഹ്മാന്റെ മികവിലൂടെ കാലിക്കറ്റ് ലീഡ് നേടി. നന്ദഗോപാലിന്റെ സൂപ്പര്‍ സെര്‍വിലൂടെ അഹമ്മദാബാദ് ലീഡ് തിരിച്ചുപിടിച്ചു കളി ഒപ്പത്തിനൊപ്പമായി. മിഡില്‍ ബ്ലോക്കറായ ഡാനിയല്‍ മൊയതാസെദിയുടെ തകപ്പര്‍ന്‍ പ്രകടനം അഹമ്മദാബാദിന് കളിയില്‍ നിയന്ത്രണം നല്‍കി. പക്ഷേ, ഷഫീക്കിന്റെ കരുത്തുറ്റ സ്‌പൈക്ക് ഡാനിയലിനെ തളര്‍ത്തി. കാലിക്കറ്റ് ഒപ്പമെത്തി. മുത്തുസാമിയുടെ സെര്‍വ് വലയില്‍ പതിച്ചത് അഹമ്മദാബാദിന് തിരിച്ചടിയായി. എന്നാല്‍ നിര്‍ണായ ഘട്ടത്തില്‍ നന്ദ തൊടുത്ത സ്‌പൈക്ക് അഹമ്മദാബാദിന് 11-10ന് ലീഡ് നല്‍കി. മറുപടി ജെറൊം വിനീത് നല്‍കി. അഹമ്മദാബാദിന്റെ പ്രതിരോധം തകര്‍ന്നു. പകരത്തിന് പകരമായി അംഗമുത്തുവിന്റെ സ്‌പൈക്ക് കാലിക്കറ്റിനെയും തകര്‍ത്തു. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ അഹമ്മദാബാദിന് 13 പോയിന്റായി. ജെറൊമിലൂടെ സൂപ്പര്‍ പോയിന്റ് കാലിക്കറ്റും മുതലാക്കി. മത്സരം 13-13. തുടര്‍ന്ന് കളി ആവേശത്തിന്റെ കൊടിമുടി കയറി. അടിയും തിരിച്ചടിയും. ഒടുവില്‍ ക്യാപ്റ്റന്‍ മുത്തുസ്വാമിയും ഡാനിയലും ചേര്‍ന്നുള്ള മിന്നുന്ന നീക്കം 17-15ന് അഹമ്മദാബാദിന് ആദ്യ സെറ്റ് നല്‍കി.

രണ്ടാം സെറ്റില്‍ സൂപ്പര്‍ സെര്‍വുകളിലൂടെ കാലിക്കറ്റ് മികവുകാട്ടി. ജെറോമാണ് ലീഡ് നല്‍കിയത്. ശക്തമായ പ്രതിരോധവും കാലിക്കറ്റിന് കരുത്തായി. അന്റോണിയോ സന്‍ഡോവല്‍ 6-3ന് കാലിക്കറ്റിന് ലീഡ് നല്‍കി. മുത്തുസ്വാമിക്കും പിഴവുപറ്റിയതോടെ അഹമ്മദാബാദിന് അടിപതറി. എന്നാല്‍ അംഗമുത്തുവിന്റെ കരുത്തുറ്റ സ്‌പൈക്ക് കാലിക്കറ്റിന്റെ പ്രതിരോധത്തെ ഇളക്കി. എന്നാല്‍ കാലിക്കറ്റ് കളിയില്‍ അതി ശക്തമായി പിടിമുറുക്കി. സൂപ്പര്‍ സെര്‍വിലൂടെ ലീഡുയര്‍ത്തി. പിന്നാലെ ഉക്രപാണ്ഡ്യന്റെയും സന്‍ഡോവലിന്റെയും മികച്ച പ്രതിരോധം അഹമ്മദാബാദിനെ തടഞ്ഞു. ലീഡ് 12-7 ആയി. അംഗമുത്തുവിന്റെ സെര്‍വ് വലയില്‍ പതിച്ചു. രണ്ടാം സെറ്റ് ആധികാരികമായി കാലിക്കറ്റ് 15-9ന് സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ കാലിക്കറ്റ് സന്‍ഡോവലിന്റെ ശക്തമായ ആക്രമണത്തില്‍ തുടക്കത്തിലേ ലീഡ് നേടി. എന്നാല്‍ അംഗമുത്തു വിട്ടുകൊടുത്തില്ല. ആക്രമണത്തിന്റെ രൗദ്രഭാവത്തിലെത്തിയ അംഗമുത്തു അഹമ്മദാബാദിനെ ഒപ്പമെത്തിച്ചു. ഫലാഹ് ഇടിവെട്ട് സ്‌പൈക്കിലൂടെ കാലിക്കറ്റ് നിയന്ത്രണം ഉറപ്പിച്ചു. എന്നാല്‍ നന്ദ തിരിച്ചടിച്ചു. കളി ഒപ്പത്തിനൊപ്പം നീങ്ങി. നന്ദയൊരുക്കിയ അവസരത്തില്‍ ഡാനിയല്‍ തൊടുത്തതോടെ അഹമ്മദാബാദ് ഒപ്പമെത്തി. ഒരിക്കല്‍ക്കൂടി നന്ദ-ഡാനിയല്‍ സഖ്യം മിന്നിയപ്പോള്‍ അവര്‍ ലീഡ് നേടി. ഉക്രപാണ്ഡ്യനും സന്‍ഡോവലും ചേര്‍ന്നുള്ള ഡബിള്‍ ബ്ലോക്ക് നന്ദയെ തടഞ്ഞു. എന്നാല്‍ നന്ദയുടെ സ്‌പൈക്ക് അഹമ്മദാബാദിനെ തിരികെ കൊണ്ടുവന്നു. ഇതിനിടെ സൂപ്പര്‍ പോയിന്റ് അവസരത്തില്‍ അംഗമുത്തു തൊടുത്തതോടെ അഹമ്മദാബാദ് കളി പിടിച്ചു. ഡാനിയല്‍ മൊതാസെദിയുടെ തന്ത്രപരമായ നീക്കം അവരെ സെറ്റിലേക്ക് അടുപ്പിച്ചു. എന്നാല്‍ ജെറൊമിന്റെ മനോഹര സ്‌പൈക്കുകള്‍ കാലിക്കറ്റിനെ 15-15ന് ഒപ്പമെത്തിച്ചു. മുത്തുസ്വാമിയുടെ സെര്‍വ് സന്‍ഡോവലിന്റെ കൈയില്‍ തട്ടിത്തെറിച്ചതോടെ 17-15ന് മൂന്നാം സെറ്റ് അഹമ്മദാബാദിന് കിട്ടി.

നാലാം സെറ്റില്‍ കാലിക്കറ്റിന്റെ സെര്‍വീസ് പിഴവുകളിലൂടെ അഹമ്മദാബാദ് രണ്ട് പോയിന്റുകള്‍ നേടി. എന്നാല്‍ കാലിക്കറ്റ് ഒപ്പത്തിനൊപ്പം മുന്നേറി. ഡാനിയല്‍ മൊതാസെദിയും അംഗമുത്തുവിന്റെയും തകര്‍പ്പന്‍ സ്‌പൈക്കുകള്‍ അഹമ്മദാബാദിന് ലീഡ് നല്‍കി. ജെറൊമിന്റെ സെര്‍വ് പുറത്തേക്കുപോയതോടെ അഹമ്മദാബാദ് കളിയില്‍ നിയന്ത്രണം നേടി. എന്നാല്‍ ജെറൊമിന്റെ സ്‌പൈക്ക് കാലിക്കറ്റിനെ ഒപ്പമെത്തിച്ചു.കാലിക്കറ്റിന് സൂപ്പര്‍ പോയിന്റ് അവസരം പിഴച്ചതോടെ അഹമ്മദാബാദ് 13-11ന് മുന്നിലെത്തി. ഡാനിയല്‍ മൊതാസെദിയുടെ മിന്നുന്ന നീക്കത്തില്‍ രണ്ടാം സൂപ്പര്‍ പോയിന്റും നേടി അഹമ്മദാബാദ് നാലാം സെറ്റും കളിയും നേടി. ഞായറാഴ്ച്ച രാത്രി 7ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.

ഒഡീഷയും പുറത്ത്! ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍

Follow Us:
Download App:
  • android
  • ios