ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരത്തില്‍ പാകിസ്ഥാന്റെ ഒളിംപിക് ചാംപ്യന്‍ അര്‍ഷാദ് നദീം പങ്കെടുക്കില്ല.

ബെംഗളൂരു: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരത്തില്‍ പാകിസ്ഥാന്റെ ഒളിംപിക് ചാംപ്യന്‍ അര്‍ഷാദ് നദീം പങ്കെടുക്കില്ല. മത്സരത്തില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങളുടെ പട്ടിക സംഘാടകര്‍ പുറത്തുവിട്ടു. മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ നീരജ് ചോപ്ര അര്‍ഷാദ് നദീമിനെ ക്ഷണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അര്‍ഷാദ് നദീം ക്ഷണം നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏഷ്യന്‍ അത്‌ലറ്റിക്സ് ചാന്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരിശീലനം ഉള്ളതുകൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കാത്തതെന്ന് നദീം പറഞ്ഞു. 

മെയ് 27 മുതല്‍ 31 വരെ കൊറിയയിലെ ഗുമിയില്‍ പരിശീലനത്തിലാകും. ഇന്ത്യയിലേക്കുള്ള ക്ഷണത്തിന് നീരജ് ചോപ്രയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് പാക് താരം പറഞ്ഞു. 7 വിദേശ താരങ്ങളാണ് ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിന്‍ ത്രോ മത്സരത്തിനായിപങ്കെടുക്കുന്നത്. നീരജിന് പുറമേ ഏതൊക്കെ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുമെന്ന് ഉടന്‍ പ്രഖ്യാപിക്കും. ബെംഗളൂരു ശ്രീ കണ്ഠീരവ ഔട്ട്‌ഡോര്‍ സ്റ്റേഡിയത്തില്‍ മെയ് 24നാണ് മത്സരം.

ഇവന്റിലേക്ക് അര്‍ഷാദ് നദീമിനെ ക്ഷണിച്ചതിന് പിന്നാലെ നീരജ് ചോപ്ര സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നീരജിന്റെ പേരില്‍ നടക്കുന്ന ഇവന്റില്‍ ലോകോത്തര താരങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അര്‍ഷാദിനെ ക്ഷണിച്ചതില്‍ സൈബര്‍ ആക്രമണം നടത്തുന്നത്. നീരജിനെതിരെ മാത്രമല്ല കുടുംബത്തിനെതിരയും അധിക്ഷേപം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നീരജ് കുറിപ്പ് പങ്കുവെച്ചത്.

നീരജിന്റെ കുറിപ്പ്.. ''ഞാന്‍ വളരെ കുറച്ച് സംസാരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തെറ്റാണെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് കരുതരുത്. പ്രത്യേകിച്ചും എന്റെ രാജ്യസ്‌നേഹത്തേയും കുടുംബത്തിന്റെ അഭിമാനത്തേയും ചോദ്യം ചെയ്യുമ്പോള്‍. ഞാന്‍ അര്‍ഷാദിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വലിയ സംസാരം നടക്കുന്നു. കൂടുതല്‍ അധിക്ഷേപങ്ങളാണ്. എന്റെ കുടുംബത്തെപ്പോലും വെറുതെ വിടാന്‍ തയാറല്ല ഇക്കൂട്ടര്‍. ഒരു അത്‌ലീറ്റിനെ മറ്റൊരു അത്‌ലീറ്റ് ക്ഷണിച്ചതാണ്, അതിനുപരിയായി ഒന്നുമില്ല.'' നീരജ് വ്യക്തമാക്കി.