മെല്‍ബണ്‍: വനിത ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ താരം അഷ്‌ലി ബാര്‍ട്ടി ഓസ്‌ട്രേലിന്‍ ഓപ്പണിന്റെ സെമിയില്‍ പുറത്ത്. 14ാം സീഡ് സോഫിയ കെനിനോട് പരാജയപ്പെട്ടാണ് ബാര്‍ട്ടി പുറത്തായത്. പുരുഷ വിഭാഗം സെമി ഫൈനലില്‍ ഇന്ന് നിലവിലെ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് മൂന്നാം സീഡും മുന്‍ ചാംപ്യനുമായ റോജര്‍ ഫെഡററെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അലക്‌സാണ്ടര്‍ സ്വരേവ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിടും.

ഇന്ന് നടന്ന വനിത സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 14ാം സീഡായ കെനിന്റെ ജയം. 7-6, 7-5 എന്ന സ്‌കോറിനാണ് ആതിഥേയ താരമായ ബാര്‍ട്ടി കീഴടങ്ങിയത്. ആദ്യ സെറ്റ് ടൈബ്രേക്കിലാണ് കെനിന്‍ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ബാര്‍ട്ടിയുടെ സെര്‍വ് ബ്രേക്ക് ചെയ്യുകയായിരുന്നു. ആദ്യമായിട്ടാണ് കെനിന്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ താരം നാലാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. മറ്റൊരു സെമിയില്‍ നാലാം സീഡ് സിമോണാ ഹാലെപ്പ് സീഡ് ചെയ്യപ്പെടാത്ത ഗാര്‍ബൈന്‍ മുഗുരുസയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ജോക്കോവിച്ച്- ഫെഡറര്‍ പോരാട്ടം. ഇരുവരും തമ്മിലുള്ള 50ആം മത്സരമെന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ ജോക്കോവിച്ച്  26 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഫെഡറര്‍ 23 മത്സരത്തില്‍ ജയിച്ചു. ഗ്രാന്‍സ്ലാമുകളിലെയും ഓസ്‌ട്രേലിയന്‍ ഓപ്പണിലെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലും ജോക്കോവിച്ചിനാണ് മേല്‍ക്കൈ.

2007ന് ശേഷം ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍പ്പിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരത്തിലും തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുവന്ന 38കാരനായ ഫെഡറര്‍ ക്ഷീണിതനായിരിക്കുമെന്ന വിലയിരുത്തലുണ്ട്. പരിക്ക് കാരണം ഫെഡറര്‍ ഇന്നലെ പരിശീലനത്തിലും ഇറങ്ങിയിരുന്നില്ല. ജോക്കോവിച്ച് ഏഴും ഫെഡറര്‍ ആറും തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചിട്ടുണ്ട്.