ദില്ലി: വിദേശ പരിശീലകനെ പുറത്താക്കി ഇന്ത്യന്‍ ഗുസ്തി ചാംപ്യന്‍ ബജ്റംഗ് പൂനിയ. റിയോ ഒളിംപിക്സിലെ സ്വര്‍ണമെഡൽ ജേതാവിനെ പരിശീലകനാക്കാനാണ് ബജ്റംഗിന്‍റെ നീക്കം. ടോക്കിയോ ഒളിംപിക്സിന് 10 മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് ബജ്റംഗ് പൂനിയ പരിശീലകനെ മാറ്റിയത്.

ബജ്റംഗിനെ ലോക ഒന്നാം നമ്പര്‍ താരവും കോമൺവെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമാക്കിയ ജോര്‍ജിയന്‍ പരിശീലകന്‍ ഷാക്കോ ബെന്‍റിനിഡിസിനെ ഒഴിവാക്കാനുള്ള തീരുമാനത്തിന് ദേശീയ ഗുസ്തി ഫെഡറേഷനും അനുമതി നൽകി. ലോകചാംപ്യന്‍ഷിപ്പ് സെമിയിൽ അനാവശ്യമായി ജഡ്ജിന്‍റെ തീരുമാനത്തെ ചലഞ്ച് ചെയത് ബജ്റംഗിന്‍റെ തോൽവിക്ക് വഴിയൊരുക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.

അമേരിക്കയിലെ പ്രദര്‍ശനമത്സരത്തിനുള്ള പ്രതിഫലത്തില്‍ ഒരു പങ്ക് ബജ്റംഗ് അറിയാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും , ഇന്ത്യന്‍ താരത്തെ പ്രതിശ്രുതവധു സംഗീത ഫോഗത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചതും, ദേശീയ ക്യാംപിലെ ഇന്ത്യന്‍ പരിശീലകരെ അധിക്ഷേപിച്ചതും ജോര്‍ജിയന്‍ കോച്ചിന് വിനയായി.

ബെന്‍റിനിഡിന് പകരമായി 2 ഒളിംപിക് സ്വര്‍ണമെഡൽ ജേതാക്കളെയാണ് ബജ്റംഗ് ക്യാംപ് പരിഗണിക്കുന്നത്. 2004ലെ ഏഥന്‍സ് ഒളിംപിക്സില്‍ സ്വര്‍ണമെ‍ൽ നേടിയ ക്യൂബയുടെ യാന്ദ്രോ മിഗ്വേല്‍ ക്വിന്റാനയോ റിയോ ഒളിപിക്സില്‍ ഒന്നാമതെത്തിയ സോസ്‌ലാന്‍ റൊമനൊവോ ബജ്റംഗിന്‍റെ പരിശീലകനായേക്കും.

അതേസമയം ടോക്കിയോയിൽ ഇന്ത്യയുടെ ഉറച്ച സുവര്‍ണപ്രതീക്ഷകളിലൊരാളായ ബജ്റംഗിന്‍റെ മെഡൽ സാധ്യകള്‍ പുതിയ നീക്കങ്ങള്‍ ബാധിക്കുമെന്ന ആശങ്കയുള്ളവരും കുറവല്ല.