ലോകത്തിലെ ഏറ്റവും വലിയ ടെന്നീസ്‌ സ്‌റ്റേഡിയത്തില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവാണ്‌ ഫൈനലില്‍ ബെന്‍ ഷെല്‍ട്ടന്റെ എതിരാളി. ആദ്യമായി ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ബെന്‍ ഷെല്‍ട്ടണിന്‌ മേല്‍ ജര്‍മന്‍ താരത്തിന്‌ വ്യക്തമായ ആധിപത്യമുണ്ട്‌.

1968 ല്‍ യു എസ്‌ ഓപണ്‍ ജേതാവായ ആര്‍തര്‍ ആഷെ ഗ്രാന്‍സ്ലാം പുരുഷ സിംഗിള്‍സ്‌ കിരീടം നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരനായി. 1991 ല്‍, ഇരുപത്തഞ്ചുകാരനായ ബ്രയാന്‍ ഷെല്‍ട്ടണ്‍ എ ടി പി ടൂര്‍ കിരീടം നേടിയതും ചരിത്രത്തിലിടം പിടിച്ചു. ആര്‍തര്‍ ആഷെക്ക്‌ ശേഷം അമേരിക്കയില്‍ നിന്നൊരു കറുത്തവര്‍ഗക്കാരന്‍ ആ നേട്ടം കൈവരിക്കുന്നത്‌ ബ്രയാന്‍ ഷെല്‍ട്ടണിലൂടെ ആയിരുന്നു. ഞായറാഴ്‌ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരക്ക്‌ യു എസ്‌ ഓപണ്‍ പുരുഷ സിംഗിള്‍സ്‌ ഫൈനലില്‍ ബ്രയാന്‍ ഷെല്‍ട്ടന്റെ മകന്‍ ഇറങ്ങുന്നുണ്ട്‌. പേര്‌ ബെന്‍ ഷെല്‍ട്ടണ്‍.

ആര്‍തര്‍ ആഷെക്ക്‌ ശേഷം യു എസ്‌ ഓപണ്‍ കിരീടം നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരനായ താരമാകുമോ ബെന്‍ ഷെല്‍ട്ടണ്‍ എന്നറിയാന്‍ കായിക ലോകം ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലേക്ക്‌ ഉറ്റുനോക്കും. മാത്രമല്ല, 2003 ല്‍ ആന്‍ഡി റോഡിക്ക്‌ യു എസ്‌ ഓപണ്‍ ജേതാവായതിന്‌ ശേഷം മറ്റൊരു അമേരിക്കന്‍ താരം ആ നേട്ടത്തില്‍ എത്തിയിട്ടില്ല. ഫൈനല്‍ ജയിച്ചാല്‍ ബെന്‍ ഷെല്‍ട്ടണ്‍ എല്ലാ നിലയിലും ചരിത്രം സൃഷ്ടിക്കും.

ലോകത്തിലെ ഏറ്റവും വലിയ ടെന്നീസ്‌ സ്‌റ്റേഡിയത്തില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവാണ്‌ ഫൈനലില്‍ ബെന്‍ ഷെല്‍ട്ടന്റെ എതിരാളി. ആദ്യമായി ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ബെന്‍ ഷെല്‍ട്ടണിന്‌ മേല്‍ ജര്‍മന്‍ താരത്തിന്‌ വ്യക്തമായ ആധിപത്യമുണ്ട്‌. ഈ വര്‍ഷത്തെ ഫ്രഞ്ച്‌ ഓപണ്‍ ചാമ്പ്യനായ സ്വെരേവ്‌ കരിയറിലെ ആറാമത്തെ ഗ്രാന്‍ഡ്‌സ്ലാം ഫൈനലിനാണ്‌ ഇറങ്ങുന്നത്‌. ഇതുവരെ എടിപി ടൂറുകളില്‍ അഞ്ച്‌ തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചിലും ജയിച്ചത്‌ സ്വെരേവ്‌ ആയിരുന്നു. ഇരുവരും കളിച്ച മത്സരങ്ങളിലെ ആകെ പതിനൊന്ന്‌ സെറ്റുകളില്‍ പത്തെണ്ണവും ്‌സ്വെരേവ്‌ സ്വന്തമാക്കിയെന്ന കണക്കും യു എസ്‌ ഓപണ്‍ ഫൈനലില്‍ ബെന്‍ ഷെല്‍ട്ടണിന്റെ സാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിക്കുന്നു.

അതേസമയം, പഴയ കണക്കുകള്‍ യു എസ്‌ താരത്തിനെ അളക്കാനുള്ള അളവുകോലല്ല എന്ന്‌ അദ്ദേഹത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയം അടിവരയിടുന്നു. നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ കാര്‍ലോസ്‌ അല്‍കാരസിനെ അര്‍ധരാത്രി പിന്നിട്ടു നീണ്ട അഞ്ച്‌ സെറ്റ്‌ പോരാട്ടത്തില്‍ അട്ടിമറിച്ചാണ്‌ ബെന്‍ ഷെല്‍ട്ടണ്‍ സെമിയിലേക്ക്‌ മുന്നേറിയത്‌.

അതിവേഗ സെര്‍വുകള്‍ ഷെല്‍ട്ടണിന്റെ വജ്രായുധമാണ്‌. ടൂര്‍ണമെന്റില്‍ മണിക്കൂറില്‍ 158 മൈല്‍ വേഗതയില്‍ സെര്‍വ്‌ ചെയ്‌ത ഷെല്‍ട്ടണ്‍ യു എസ്‌ ഓപണ്‍ ചരിത്രത്തിലെയും ഗ്രാന്‍ഡ്‌സ്ലാം ചരിത്രത്തിലെയും ഏറ്റവും വേഗമേറിയ സെര്‍വുകളിലൊന്ന്‌ സ്വന്തം പേരിലാക്കിയിട്ടുണ്ട്‌. ഓപ്പണ്‍ യുഗത്തിന്റെ ചരിത്രത്തില്‍ രണ്ട്‌ കറുത്തവര്‍ഗക്കാര്‍ ഏറ്റുമുട്ടിയ സെമിഫൈനലില്‍ അമേരിക്കയുടെ തന്നെ ഫ്രാന്‍സിസ്‌ തിയാഫോയെ പരാജയപ്പെടുത്തിയപ്പോഴും ബെന്‍ ഷെല്‍ട്ടന്റെ ഫോം പ്രകടമായി. കിരീട ഫേവറിറ്റായി നില്‍ക്കുന്ന ജര്‍മന്‍ താരത്തെ ഫൈനലില്‍ യു എസ്‌ താരം വീഴ്‌ത്തിയാല്‍ അതൊരു കറുപ്പഴകുള്ള ടെന്നീസ്‌ ചരിത്രമാകും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK