ലോകകപ്പിൽ പി.ആർ. ശ്രീജേഷ് അടക്കമുള്ള മുതിർന്ന താരങ്ങളുടെ വിമർശനത്തിന് ഇടയാക്കിയ പിഴവുകൾ പൂർണ്ണമായും പരിഹരിച്ചാകും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം കളത്തിലിറങ്ങുക.
ദില്ലി: കഴിഞ്ഞ ഹോക്കി ലോകകപ്പിലുണ്ടായ പിഴവുകൾ തിരുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസിൽ വമ്പൻ തിരിച്ചുവരവ് നടത്തുമെന്ന് ഹോക്കി ഇന്ത്യ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ ദിലീപ് ടിർക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ സ്വർണം നേടുമെന്നും ദിലീപ് ടിർക്കി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലോകകപ്പിൽ പി.ആർ. ശ്രീജേഷ് അടക്കമുള്ള മുതിർന്ന താരങ്ങളുടെ വിമർശനത്തിന് ഇടയാക്കിയ പിഴവുകൾ പൂർണ്ണമായും പരിഹരിച്ചാകും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം കളത്തിലിറങ്ങുക. നിലവിലെ ഫോം തുടരാനായാൽ വനിതാ ടീമിനും സ്വർണം അനായാസം സ്വന്തമാക്കാൻ സാധിക്കും. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ടീമുകൾക്ക് 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാം എന്നുള്ളത് താരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും ടിർക്കി കൂട്ടിച്ചേർത്തു.
ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ കളിക്കാർ തമ്മിലുള്ള ഹസ്തദാന വിവാദങ്ങൾ പതിവാണെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റിനാണ് പ്രാധാന്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് താരങ്ങൾക്ക് സൗഹൃദത്തോടെ ഹസ്തദാനം നൽകുമെന്നും ടിർക്കി കൂട്ടിച്ചേര്‍ത്തു.
1998-ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ദിലീപ് ടിർക്കി, 2002-ലെ ബുസാൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ നായകനുമായിരുന്നു. അനുഭവ സമ്പത്തിന്റെ കരുത്തിൽ ഹോക്കി ഇന്ത്യയെ നയിക്കുന്ന അദ്ദേഹം ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്ത് പകരുകയാണ്.
