ജന്മനാ ഇരു കൈകളുമില്ലാതെ പിറന്ന മുഹമ്മദ് ഇക്രം സ്നൂക്കര്‍ പൂളില്‍ പോയിന്‍റ് നേടുന്നത് താടി ഉപയോഗിച്ചാണ്. വീടിന് സമീപമുള്ള ഒരു സ്നൂക്കര്‍ ക്ലബ്ബാണ് ഇക്രമിന്‍റെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കിയത്.
സാമുന്ത്രി(പാകിസ്ഥാന്‍): കൈകളില്ലാതെ സ്നൂക്കര്‍ കളിക്കാന്‍ സാധിക്കുമോ? ശാരീരിക പരിമിതിയുള്ളവര്‍ക്ക് പലപ്പോഴും കായിക ഇനങ്ങളില്‍ ഭാഗമാകാന്‍ തടസം നേരിടുമ്പോള്‍ അവയെല്ലാം അനായാസം മറികടക്കുകയാണ് പാകിസ്ഥാന്‍ സ്വദേശിയായ ഈ യുവാവ്. ജന്മനാ ഇരു കൈകളുമില്ലാതെ പിറന്ന മുഹമ്മദ് ഇക്രം സ്നൂക്കര്‍ പൂളില്‍ പോയിന്‍റ് നേടുന്നത് താടി ഉപയോഗിച്ചാണ്.
പാക്സിഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സാമുന്ത്രി സ്വദേശിയാണ് ഇക്രം. എട്ട് വര്‍ഷത്തെ പരിശീലനത്തിന് ഇപ്പുറമാണ് സ്നൂക്കര്‍ പൂളില്‍ താടിയുപയോഗിച്ച് ഇക്രം മത്സരിക്കുന്നത്. യഥാര്‍ത്ഥ വിദഗ്ധനെന്നാണ് ഇക്രമിനെ പല സ്നൂക്കര്‍ താരങ്ങളും വിലയിരുത്തുന്നതെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുളഅള കുടുംബത്തിലെ ഒന്‍പത് മക്കളില്‍ ഒരാളായാണ് ഇക്രം ജനിച്ചത്. അംഗപരിമിതിയുടെ പേരില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം ഇക്രമിന് ലഭിച്ചില്ല.
പലരും സ്നൂക്കര്‍ കളിക്കുന്നത് കണ്ട് മത്സരത്തോട് താല്‍പര്യം തോന്നിയിരുന്നെങ്കിലും സ്നൂക്കര്‍ പഠിക്കുക എന്ന ആശയം എപ്പോഴാണ് തോന്നിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഇക്രം റോയിട്ടേഴ്സിനോട് പറയുന്നത്. രഹസ്യമായായിരുന്നു പഠനം തുടങ്ങിയത്. ആളുകള്‍ പരിഹസിക്കുമോയെന്ന ഭയം ഉണ്ടായിരുന്നുവെന്നും ഇക്രം പറയുന്നു. വീടിന് സമീപമുള്ള ഒരു സ്നൂക്കര്‍ ക്ലബ്ബാണ് ഇക്രമിന്‍റെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കിയത്.
ഇക്രം നിരവധി ടൂര്‍ണമെന്‍റുകള്‍ വിജയിച്ചിട്ടുണ്ടെന്നാണ് ക്യൂമാസ്റ്റേഴ്സ് സ്നൂക്കര്‍ ക്ലബ്ബിലെ സഹ ഉടമയായ മിയാന്‍ ഉസ്മാന്‍ അഹമ്മദ് പറയുന്നത്. കളിക്കാന്‍ അനുവദിക്കണമെന്ന് ആഗ്രഹവുമായി ഇക്രം ആദ്യം എത്തിയപ്പോള്‍ അത്ഭുതം തോന്നിയിരുന്നു. എന്നാല്‍ മത്സരത്തോടുള്ള ഇക്രത്തിന്‍റെ താല്‍പര്യം മൂലം അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ പ്രകടനങ്ങളിലൂടെ ഇക്രം അമ്പരപ്പിച്ചെന്നും മിയാന്‍ ഉസ്മാന്‍ അഹമ്മദ് പറയുന്നത്. ദൈവം തനിക്ക് കൈകള്‍ നല്‍കിയില്ല എന്നാല്‍ ധൈര്യം തരാന്‍ അദ്ദേഹം മറന്നില്ലെന്നാണ് തന്‍റെ നേട്ടങ്ങളേക്കുറിച്ച് ഇക്രം പറയുന്നത്. സര്‍ക്കാര്‍ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കണമെന്നാണ് ഇക്രത്തിന്‍റെ ആഗ്രഹം.
