Asianet News MalayalamAsianet News Malayalam

വനിത ഹോക്കിയിലെ സെമി തോല്‍വി; താരത്തിന്‍റെ കുടുംബത്തിനെതിരെ ജാതി അധിക്ഷേപം

ദളിത് കളിക്കാര്‍ കൂടുതലുള്ളതിനാലാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് ഇവര്‍ വിളിച്ചുപറഞ്ഞതായും വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

caste slur thrown at hockey star Vandana Katariyas family after indian women olympic semi loss
Author
Haridwar, First Published Aug 5, 2021, 10:59 AM IST

ഹരിദ്വാര്‍: ഒളിംപിക്സ് വനിത ഹോക്കി സെമിയില്‍ അര്‍ജന്‍റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ഹോക്കി താരത്തിന്‍റെ ബന്ധുക്കള്‍ക്കെതിരെ ജാതി അധിക്ഷേപമെന്ന് പരാതി. ഹരിദ്വാറിന് അടുത്ത് റോഷന്‍ബാദ് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഇന്ത്യന്‍ ടീം അംഗം വന്ദന കത്താരിയയുടെ ബന്ധുക്കള്‍ക്ക് നേരെയാണ് ജാതി അധിക്ഷേപം നടന്നത് എന്നാണ് പരാതി. പരാജയത്തിന് പിന്നാലെ രണ്ട് ഉയര്‍ന്ന ജാതിക്കാര്‍ വന്ദനയുടെ വീട്ടിന് അടുത്ത് എത്തുകയും പടക്കം പൊട്ടിക്കുകയും, ആക്ഷേപകരമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.

ദളിത് കളിക്കാര്‍ കൂടുതലുള്ളതിനാലാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് ഇവര്‍ വിളിച്ചുപറഞ്ഞതായും വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്ഷേപം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മത്സരം തോറ്റതില്‍ സങ്കടമുണ്ട്, എന്നാല്‍ പൊരുതിയാണ് തോറ്റത്. അതിനാല്‍ തന്നെ ഞങ്ങള്‍ അഭിമാനിക്കുന്നു. വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറയുന്നു.

മത്സരം പരാജയപ്പെട്ട സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. വീട്ടിന് വെളിയില്‍ വലിയതോതില്‍ പടക്കം പൊട്ടിക്കുന്നു. ഗ്രാമത്തില്‍ തന്നെയുള്ള ഉയര്‍ന്ന ജാതിയിലെ രണ്ടുപേരായിരുന്നു അത് ചെയ്തത്. അവര്‍ ഡാന്‍സ് കളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെ ചെറുക്കാന്‍ വന്ദനയുടെ കുടുംബങ്ങള്‍ ശ്രമിച്ചതോടെ അവര്‍ കൂടുതല്‍ പ്രകോപിതരായി ജാതി അധിക്ഷേപം നടത്തി. ദളിതര്‍ടീമില്‍ കയറിയതിനാലാണ് തോറ്റത് എന്നും, ഹോക്കിയില്‍ മാത്രമല്ല ഒരു കായിക ഇനത്തിലും ദളിതര്‍ക്ക് ജയിക്കാനാകില്ലെന്നും ഇവര്‍ ആരോപിച്ചു. ഇത് തീര്‍ത്തും ജാതിയമായ ആക്രമണമാണ് -വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറയുന്നു.

അതേ സമയം സംഭവത്തില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ടെന്നും. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നുമാണ് സിദ്ധ്കുള്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എല്‍എസ് ബുട്ടോല അറിയിക്കുന്നത്. കസ്റ്റഡിയിലായ വ്യക്തിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios