Asianet News MalayalamAsianet News Malayalam

ആദ്യ അങ്കം സമനില, ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം, സമനിലയെങ്കില്‍ പിന്നെ ടൈ ബ്രേക്കര്‍

മത്സരത്തില്‍ തുടക്കത്തില്‍ കാള്‍സനെതിരെ മുന്‍തൂക്കം നേടാനും ലോക ചാമ്പ്യനെ സമ്മര്‍ദ്ദത്തിലാക്കാനും പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ അവസാനം സ്വയം വരുത്തിയ പിഴവുകള്‍ പ്രഗ്നാനന്ദക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത കാള്‍സന്‍ മത്സരം സമനിലയില്‍ എത്തിച്ചു.

Chess World Cup 2023 Final: Praggnanandhaa vs Magnus Carlsen 2nd game Live Updates gkc
Author
First Published Aug 23, 2023, 8:40 AM IST

ബാകു(ഏസര്‍ബൈജാന്‍): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസണും ഇന്ന് രണ്ടാം മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.45നാണ് മത്സരം തുടങ്ങുക. 35 നീക്കത്തിന് ശേഷം ആദ്യമത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കളുമായാണ് കളിക്കുക. ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ  അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും. കാൾസനെതിരായ ആദ്യ മത്സരത്തിൽ സമ്മർദം ഉണ്ടായിരുന്നില്ലെന്ന് മത്സരശേഷം പ്രഗ്നാനന്ദ പറഞ്ഞിരുന്നു. രണ്ടാം മത്സരത്തിൽ ശക്തമായ പോരാട്ടം ഉണ്ടാകുമെന്നും പ്രഗ്നാനന്ദ പറഞ്ഞു.

മത്സരത്തില്‍ തുടക്കത്തില്‍ കാള്‍സനെതിരെ മുന്‍തൂക്കം നേടാനും ലോക ചാമ്പ്യനെ സമ്മര്‍ദ്ദത്തിലാക്കാനും പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ അവസാനം സ്വയം വരുത്തിയ പിഴവുകള്‍ പ്രഗ്നാനന്ദക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത കാള്‍സന്‍ മത്സരം സമനിലയില്‍ എത്തിച്ചു.

പ്രഗ്നാനന്ദയുടെ വിശ്വവിജയത്തിന് കാവലായി അമ്മ, മകന്‍റെ അഭിമാനനേട്ടത്തിലും ആരാധകരുടെ ഹൃദയം തൊട്ട് നാഗലക്ഷ്മി

ടൈ ബ്രേക്കറില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ കലാശക്കളിക്ക് അര്‍ഹത നേടിയത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അസര്‍ബൈജാന്‍റെ നിജാത് ആബാസോവ് ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് 1-0ന്‍റെ ലീഡ് നേടിയിരുന്നു.

നേരത്തെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. ആ വിജയം വല്ലപ്പോഴും സംഭവിക്കുന്ന അട്ടിമറിയെന്ന് കരുതിയവര്‍, സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയും പ്രഗ്നാനന്ദക്ക് മുന്നില്‍ വീണപ്പോൾ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടി. ഇനി മുന്നിലുള്ളത് കാള്‍സന്‍ എന്ന മഹാമേരു മാത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios