ദോഹ: ദോഹയിലെ വേഗപ്പോരില്‍ അട്ടിമറിയുണ്ടായില്ല. ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്കിൽ 47 ചുവടുകൊണ്ട് ക്രിസ്റ്റ്യന്‍ കോള്‍മന്‍ വെല്ലുവിളികളിലാത്ത വേഗരാജാവായി. ഹീറ്റ്സില്‍ 9.98 ഉം, സെമിയിൽ 9.88 ഉം സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത കോള്‍മാന്‍, ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 9.76 സെക്കന്‍റിൽ.

കോള്‍മാന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയം ഫൈനല്‍ സമ്മാനിച്ചു. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിലെ 100 മീറ്ററില്‍ ഇപ്പോഴേ ഫേവറിറ്റും ആയി. സെമിയിൽ നിറംമങ്ങിയ 37കാരനായ ജസ്റ്റിന്‍ ഗാട്‍‍ലിന്‍ ഫൈനലില്‍ 9.89 സെക്കന്‍റിൽ കോള്‍മാന് പിന്നിലെത്തി. പരിക്കുകള്‍ വേട്ടയാടിയ വര്‍ഷങ്ങള്‍ മറക്കാന്‍ ആന്ദ്രേ ഡി ഗ്രാസിന് തിളക്കമേറെയുള്ള വെങ്കലവും ലഭിച്ചു.

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്സഡ് റിലേ ടീം ഫൈനലിന് യോഗ്യത നേടി 4*400 മീറ്റര്‍ മിക്സഡ് റിലേയില്‍ 3:16:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം ഫൈനലിന്  യോഗ്യത നേടിയത്. ഫൈനലിലേക്ക് യോഗ്യത നേടിയതിനൊപ്പം ടോക്കിയോ ഒളിംപിക്സിനും ഇന്ത്യന്‍ ടീം യോഗ്യത ഉറപ്പാക്കി.

റിലേയിൽ ഇന്ത്യയെ ഫൈനലിലെത്തിച്ചത് മലയാളിക്കരുത്താണ്. മുഹമ്മദ് അനസും വികെ വിസ്മയയും ജിസ്ന മാത്യുവും നോഹ നിര്‍മ്മലും അഭിമാനമായപ്പോള്‍ ഹീറ്റ്സില്‍ മൂന്നാ സ്ഥാനക്കാരായി ഇന്ത്യ ഫൈനലില്‍. ജിസ്നയും നിര്‍മലും തമ്മിലെ ബാറ്റൺ കൈമാറ്റം പിഴച്ചെങ്കിലും വിസ്മയയുടെയും നിര്‍മലിന്‍റെയും കുതിപ്പ് ഇന്ത്യക്ക് ടോക്കിയോ ഒളിംപിക്സ് യോഗ്യതയും ഉറപ്പാക്കി.

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.05ന് ദോഹയിൽ തുടങ്ങുന്ന ഫൈനലില്‍ മത്സരിക്കുന്ന എട്ട് ടീമുകളില്‍ ബെല്‍ജിയം ഒഴികെയുള്ള ആറ് ടീമുകളും ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഹീറ്റ്സില്‍ ലോക റെക്കോര്‍ഡ് തകര്‍ത്ത അമേരിക്കയും മലയാളിപ്പടയ്ക്ക് വെല്ലുവിളിയാകും.

അതേസമയം ട്രാക്കിലെ വേഗറാണിയെ ഇന്നറിയാം. വനിതാ വിഭാഗം 100 മീറ്റര്‍ സെമിയും, ഫൈനലും ഇന്ന് നടക്കും. സെമി ഇന്ത്യന്‍സമയം രാത്രി 11.50നും ഫൈനല്‍ പുലര്‍ച്ചെ 1.50നുമാണ് നടക്കുക.