നടി റിയ ഷിബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച മന്ത്രി വി. ശിവന്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ ചിത്രത്തില്‍ പിന്നിലായിപ്പോയതാണ് വിമര്‍ശനത്തിന് കാരണമായത്. 

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായിരുന്ന ചലച്ചിത്ര താരം റിയ ഷിബുവുമായിട്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മന്ത്രി വി ശിവന്‍കുട്ടിക്ക് പരിഹാസം. ഇന്നലെയാണ് 'സര്‍വം മായ' എന്ന വിജയചിത്രത്തിലെ പ്രധാന കഥാപാത്രമായ 'ഡെലുലു'വിനെ അവതരിപ്പിച്ച റിയയുമായുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. 'ഡെലുലു വുമൊത്ത്... റിയ ഷിബു കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായിരുന്നു... മലയാളത്തിന്റെ അഭിമാനം ഐ എം വിജയനും ഫ്രയിമില്‍..'

ചിത്രത്തില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍, റിയയ്ക്ക് പിന്നിലായതാണ് നെറ്റിസന്‍സിനെ ചൊടിപ്പിച്ചത്. പലരും അദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റുമായി വന്നു. വിജയന് പിന്തുണയുമായിട്ടാണ് പലരുമെത്തിയത്. അതിലൊരു കമന്റ് ഇങ്ങനെയായിരുന്നു... 'രാജ്യത്തിന്റെ എക്കാലത്തെയും legend അഭിമാനം ഐ എം വിജയന്‍ പിറകിലും ഇന്നലെ ഒരു സിനിമേല്‍ അഭിനയിച്ച നടി മുന്നിലും ... എന്തൊരു അണ്ണാ ഇത് ..?'

ഫോട്ടോയ്ക്ക് താഴെയുള്ള മറ്റൊരു കമന്റ് ഇങ്ങനെ... ''ഇന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കുവെച്ച ഒരു ചിത്രം കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. 'സര്‍വം മായ' എന്ന സിനിമയിലെ നടി റിയ ഷിബുവിനൊപ്പം അദ്ദേഹം കൂടെയിരിക്കുന്ന ചിത്രമായിരുന്നു അത്. സ്‌കൂള്‍ കലോത്സവ വേദിയില്‍ വെച്ചാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. എന്നാല്‍ ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ആരും ശ്രദ്ധിക്കാതെ നമ്മുടെ ഐ.എം. വിജയന്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹത്തെപ്പോലൊരു വലിയ മനുഷ്യനെ കാണാതെ പോയത് ശരിയായ ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. ????

ഒരു സിനിമ ഹിറ്റായതുകൊണ്ടോ അതിലെ നടി കൂടെയുള്ളതുകൊണ്ടോ മാത്രം ഒരാള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ശരിയല്ല. സിനിമകളും നടിമാരും വരികയും പോവുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങളായി ഗ്രൗണ്ടില്‍ വിയര്‍പ്പൊഴുക്കി കേരളത്തിന്റെ പേര് ലോകത്തിന് മുന്നില്‍ എത്തിച്ച ആളാണ് വിജയന്‍ ചേട്ടന്‍. അദ്ദേഹം ഇപ്പോഴും കേരളത്തിലെ കായിക മേഖലയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ ഒരു പശ്ചാത്തല ചിത്രമായി മാത്രം ഒതുക്കിയത് ശരിക്കും അദ്ദേഹത്തെ അവഗണിക്കുന്നതിന് തുല്യമാണ്. പുതിയ ആളുകളെയും കലയെയും ബഹുമാനിക്കണം എന്നതില്‍ തര്‍ക്കമില്ല, പക്ഷേ നമുക്ക് വേണ്ടി ഇത്രയേറെ നേട്ടങ്ങള്‍ കൊയ്തവരെ അപമാനിക്കുന്ന രീതിയില്‍ ആയിപ്പോകരുത് നമ്മുടെ പ്രവര്‍ത്തികള്‍.

കലോത്സവം പോലെയുള്ള ഒരു സ്‌കൂള്‍ പരിപാടിയില്‍ മാതൃകയായി മുന്നില്‍ കാണിക്കേണ്ടത് ഐ.എം. വിജയനെപ്പോലെയുള്ള പോരാളികളെയാണ്. കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ അദ്ദേഹത്തിന്റെ ജീവിതം വളര്‍ന്നു വരുന്ന തലമുറയ്ക്ക് വലിയൊരു പാഠമാണ്. അങ്ങനെയുള്ള ഒരാളെ ഒരു ഫോട്ടോയില്‍ പോലും വേണ്ട രീതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് കായിക പ്രേമികള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യമാണ്.

പ്രശസ്തിയുടെ പിന്നാലെ പോകുമ്പോള്‍ നമ്മളെ നയിച്ചവരെ മറന്നു പോകരുത്. ഭരണാധികാരികളില്‍ നിന്ന് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്.''

എന്നാല്‍ ശിവന്‍കുട്ടിയെ പിന്തുണച്ചും ഇതുതന്നെയാണ് ശരിയായ രീതിയെന്നും പറയുന്നവരും ഉണ്ടായിരുന്നു. അതിലൊരു കമന്റ് ഇങ്ങനെയായിരുന്നു... ''നിലവില്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുന്ന ആളെ ആണ് ചീഫ് ഗസ്റ്റ് ആയി വിളിക്കുന്നത്. ചീഫ് ഗസ്റ്റ് ആയി വരുന്ന ആള്‍ മുന്നില്‍ തന്നെ ഇരിക്കും. ഐ എം വിജയന്‍ ചീഫ് ആയി വന്ന ധാരാളം പരിപാടികള്‍ പല കാലത്തും ഉണ്ടായിട്ടുണ്ട്. പഴുത്ത ഇലകള്‍ പൊഴിയുകയും , പച്ചില മുളക്കുകയും ചെയ്യുന്നത് പോലെയേ ഒള്ളു.

നാളെ ഇവള് ശ്രദ്ധിക്കപ്പെടാതെ ആവുകയും, പുതിയ ആളുകള്‍ വരികയും ചെയ്യും.. ഇത് ഇങ്ങനെ cyclic ആയി തുടര്‍ന്നുകൊണ്ട് ഇരിക്കും. Just rule of nature..''

YouTube video player