ലണ്ടന്‍: എടിപി ഫൈനല്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാലിന് തോല്‍വി. ഡൊമിനിക് തീമിനെതിരായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ തോല്‍വി. സ്‌കോല്‍ 6-7, 6-7. ഇതോടെ തീം ഏറെകുറെ സെമി ഉറപ്പിച്ചു. അവസാന മത്സരത്തില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ മറികടന്നാല്‍ മാത്രമെ നദാലിന് സെമിയില്‍ കടക്കാന്‍ സാധിക്കൂ. ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ നദാല്‍ ആേ്രന്ദ റുബ്‌ലേവിനെ പരാജയപ്പെടുത്തിയിരുന്നു. തീം ആദ്യ മത്സരത്തില്‍ സിറ്റ്‌സിപാസിനെയാണ് തോല്‍പ്പിച്ചത്.

നദാല്‍- തീം മത്സരത്തില്‍ രണ്ട് സെറ്റുകളും ടൈബ്രേക്കിലേക്ക് നീണ്ടു. ആദ്യ സെറ്റിലെ ടൈബ്രേക്കില്‍ 9-7നായിരുന്നു തീമിന്റെ ജയം. രണ്ടാം സെറ്റില്‍ 4-7ന് ടൈബ്രേക്ക് നേടി തീം വിജയമുറപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റുബ്‌ലേവാണ് തീമിന്റെ എതിരാളി. പുലര്‍ച്ചെ നാളെ 1.30 നടക്കുന്ന മറ്റൊരു മത്സരത്തില്‍ സിറ്റ്‌സിപാസ് റുബ്‌ലേവിനെ നേരിടും.

ഗ്രൂപ്പ് എയില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്ദ്രേ സ്വരേവിനെ തോല്‍പ്പിച്ചു. 6-3, 6-4നായിരുന്നു മെദ്‌വദേവിന്റെ ജയം. നേരത്തെ ലോക ഒന്നാംനമ്പര്‍ നോവാക് ജോക്കോവിച്ചും ജയം കണ്ടിരുന്നു. അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെയായിരുന്നു ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-2.