വിയന്ന: മാരത്തണിൽ, കെനിയയുടെ എലിയൂഡ് കിപ്ച്ചോഗെയ്ക്ക് ചരിത്രനേട്ടം. രണ്ട് മണിക്കൂറിൽ താഴെ സമയത്തിൽ, മാരത്തൺ പൂർത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യതാരമെന്ന നേട്ടം കിപ്ചോഗെ സ്വന്തമാക്കി. ഒരു മണിക്കൂർ 59:40 മിനിറ്റിൽ ആണ് , കെനിയന്‍ താരം 42 കിലോമീറ്റർ പൂര്‍ത്തിയാക്കിയത്.

വിയന്നയില്‍ നടന്ന അനൗദ്യോഗിക മത്സരത്തിലാണ് നേട്ടം.കായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നേട്ടം അംഗീകൃത മത്സരത്തിൽ അല്ലാത്തതിനാല്‍ ലോക റെക്കോര്‍ഡായി പരിഗണിക്കില്ല.

ഒളിംപിക് ചാംപ്യനായ കിപ്ചോഗെയുടെ പേരില്‍ തന്നെയാണ് നിലവിലെ ലോക റെക്കോര്‍ഡും. 2018ല്‍ ബെര്‍ലിന്‍ മാരത്തണിലാണ് കിപ്ചോഗെ രണ്ട് മണിക്കൂര്‍ ഒരു മിനിട്ട് 39 സെക്കന്‍ഡില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കി ലോക റെക്കോര്‍ഡിട്ടത്.

ഞാനാണ് ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെയാള്‍. എന്റെ ഈ നേട്ടം ഒരുപാട് ആളുകളെ പ്രചോദിപ്പിക്കുമെന്നറിയാം. ഒരു മനുഷ്യനും പരിമിതികളില്ല. നമുക്ക് ഈ ലോകത്തെ സമാധനപരവും സുന്ദരവുമാക്കാം. മത്സരം കാണാന്‍ എന്റെ ഭാര്യയും മൂന്ന് കുട്ടികളും എത്തിയിരുന്നു. അത് ഇരട്ടി സന്തോഷമായി.