മോശം പ്രകടനത്തിന്‍റെ പേരിൽ പരിശീലകരെ പുറത്താക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു വിദേശിക്ക് വേണ്ടി വഴിമാറേണ്ടി വരുന്നത് ഇതാദ്യമായുള്ള അനുഭവമാണെന്ന് ശ്രീജേഷ്.
ദില്ലി: ഇന്ത്യൻ ഹോക്കി ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച് ഒളിംപ്യൻ പി.ആർ. ശ്രീജേഷ്. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് ഒരു വിദേശ പരിശീലകനെ നിയമിക്കാനാണെന്ന വെളിപ്പെടുത്തലുമായാണ് ശ്രീജേഷ് രംഗത്തെത്തിയത്. മികച്ച പ്രകടനം നടത്തിയിട്ടും ഹോക്കി ഇന്ത്യ തന്നെ പുകച്ചുപുറത്താക്കുകയായിരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ശ്രീജേഷിന്‍റെ കീഴിലായിരുന്ന ഇന്ത്യൻ ജൂനിയർ ടീം അഞ്ച് ടൂർണമെന്‍റുകളിൽ നിന്നായി അഞ്ച് മെഡലുകൾ സ്വന്തമാക്കിയിരുന്നു. എന്നിട്ടും തന്നെ നീക്കം ചെയ്തതിലെ യുക്തിയാണ് ശ്രിജേഷ് ചോദ്യം ചെയ്യുന്നത്.

മോശം പ്രകടനത്തിന്‍റെ പേരിൽ പരിശീലകരെ പുറത്താക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു വിദേശിക്ക് വേണ്ടി വഴിമാറേണ്ടി വരുന്നത് ഇതാദ്യമായുള്ള അനുഭവമാണെന്ന് ശ്രീജേഷ് സോഷ്യൽ മീഡിയ പോസ്റ്റില്‍ കുറിച്ചു. സീനിയർ ടീം പരിശീലകന്റെ താൽപര്യപ്രകാരമാണ് ജൂനിയർ തലത്തിലും വിദേശി വേണമെന്ന തീരുമാനം ഹോക്കി ഇന്ത്യ പ്രസിഡന്‍റ് എടുത്തതെന്നും ശ്രീജേഷ് ആരോപിച്ചു.
വിദേശ പരിശീലകരോടുള്ള ഹോക്കി ഇന്ത്യയുടെ അമിത താല്‍പര്യത്തെയും ശ്രീജേഷ് രൂക്ഷമായി വിമർശിച്ചു. ഇന്ത്യൻ ഹോക്കിയെ വളർത്താൻ ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ?" എന്ന ചോദിച്ച ശ്രീജേഷ് രാജ്യത്ത് മികച്ച മുൻതാരങ്ങൾ ഉണ്ടായിട്ടും ഹോക്കി ഇന്ത്യയുടെ നാല് ദേശീയ ടീമുകളിലും വിദേശികളെ നിയമിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ശ്രീജേഷിനെപ്പോലെയുള്ളവർ പരിശീലക രംഗത്തേക്ക് വരണമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രാലയത്തിന്‍റെ ഈ നിലപാടിന് വിരുദ്ധമായാണ് ഹോക്കി ഇന്ത്യ ഇപ്പോള്‍ പ്രവർത്തിക്കുന്നന്നത്. ശ്രീജേഷ് പരിശീലകനായ ചെറിയ കാലയളവിനുള്ളിൽ തന്നെ ജൂനിയർ ടീം വൻ നേട്ടങ്ങൾ കൊയ്തിരുന്നു. ജൂനിയർ ഏഷ്യ കപ്പിൽ സ്വർണ മെഡൽ, സുൽത്താൻ ഓഫ് ജോഹർ കപ്പില്‍ വെങ്കല മെഡൽ, ജൂനിയർ ലോകകപ്പില്‍ വെങ്കല മെഡൽ എന്നിവ ശ്രീജേഷിന്‍റെ കാലയളവാണ് നേടിയത്. യുവതാരങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന ശ്രീജേഷിനെ പെട്ടെന്ന് മാറ്റിയത് ഇന്ത്യൻ ഹോക്കിയുടെ ഭാവി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
