നെതർലാൻഡ്സിലെ വാഗ്നർ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ ഒന്നാം പകുതിയിൽ ഇംഗ്ലണ്ടിന് പെനാൽറ്റി കോർണർ ലഭിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

അംസ്റ്റൽവീൻ (നെതർലാൻഡ്സ്): പുരുഷ ഹോക്കി ലോകകപ്പിലെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് പുറമെ നാണംകെട്ട് പാകിസ്ഥാൻ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടയിൽ പെനാൽറ്റി കോർണർ പ്രതിരോധിക്കാനുള്ള സുരക്ഷാ ഉപകരണങ്ങൾ ഡ്രസിങ് റൂമിൽ മറന്നുവെച്ചതാണ് പാകിസ്ഥാന് കളിക്കളത്തിൽ നാണക്കേടായത്.

നെതർലാൻഡ്സിലെ വാഗ്നർ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ ഒന്നാം പകുതിയിൽ ഇംഗ്ലണ്ടിന് പെനാൽറ്റി കോർണർ ലഭിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പാക് താരങ്ങൾ മൈതാനത്ത് പെനാൽറ്റി കോർണർ പ്രതിരോധിക്കാൻ ഒരുങ്ങിയെങ്കിലും ഫെയ്സ് മാസ്കും പ്രൊട്ടക്ടീവ് ഗിയറുകളും കയ്യിലില്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. തുടർന്ന് ഒരു താരം ഡ്രസിങ് റൂമിലേക്ക് ഓടിപ്പോയി വലിയൊരു ബാഗിൽ പ്രൊട്ടക്ടീവ് ഗിയറുകൾ മൈതാനത്തേക്ക് എത്തിക്കുകയായിരുന്നു.

ഈ സമയം വൈകിച്ചതിന് പാകിസ്ഥാൻ ക്യാപ്റ്റൻ അബു ബക്കർ മഹ്മൂദിന് അമ്പയർ ഗ്രീൻ കാർഡ് നൽകി രണ്ട് മിനിറ്റിലേക്ക് പുറത്താക്കി. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ തകർത്തത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് റഷ്മെയർ, സാം വാർഡ്, സാമുവൽ ഹൂപ്പർ, ജെയിംസ് അൽബെറി എന്നിവർ ഗോളുകൾ നേടി. 50-ാം മിനിറ്റിൽ റഹ്മാൻ അബ്ദുൾ അഫ്രാസാണ് പാകിസ്ഥാന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റൻ

സംഭവത്തിന് പിന്നാലെ പാക് മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റൻ സൽമാൻ അക്ബർ രംഗത്തെത്തി. ലോകകപ്പ് പോലൊരു വലിയ വേദിയിൽ സുരക്ഷാ ഉപകരണങ്ങൾ ഡ്രസിങ് റൂമിൽ മറന്നുവെക്കുന്നത് പ്രൊഫഷണലിസമില്ലായ്മയും വലിയ അച്ചടക്കലംഘനവുമാണെന്ന് അദ്ദേഹം 'എക്സിൽ' കുറിച്ചു. തന്ത്രങ്ങളും ഫിറ്റ്‌നസും മാത്രമല്ല, അച്ചടക്കവും സംഘാടനവും മത്സരത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടത്തിൽ ഇനി വെയ്ൽസിനെയും (ഓഗസ്റ്റ് 17), പരമ്പരാഗത വൈരികളായ ഇന്ത്യയെയുമാണ് (ഓഗസ്റ്റ് 19) നേരിടാനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക