റോളണ്ട് ഗാരോസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഇന്ന് ആരാധകരെ ത്രസിപ്പിക്കുന്ന സൂപ്പർ സെമി. കളിമൺ കോർട്ടിലെ അജയ്യൻ റാഫേൽ നദാലിന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് എതിരാളി. രാത്രി ഒന്‍പത് മണിക്കാണ് പോരാട്ടം തുടങ്ങുക. 

കഴിഞ്ഞ തവണ കളിമൺ കോർട്ടിലെ കലാശപ്പോരിൽ കണ്ടവർ ഇത്തവണ സെമിയിൽ ഏറ്റുമുട്ടുമ്പോൾ റോളണ്ട് ഗാരോസിൽ രണ്ട് നദാലുമാരുണ്ട്. സ്റ്റേഡിയത്തിന്‍റെ കവാടത്തിൽ ഇടംകയ്യൻ ഷോർട്ട് ഹാൻഡ് കളിക്കുന്ന സ്റ്റീൽ നദാൽ ആണ് ഒന്ന്. മറ്റൊന്ന് കളിമൺ കോട്ടിന്‍റെ രാജകുമാരൻ ശരിക്കും നദാലും.

ഫ്രഞ്ച് ഓപ്പണില്‍ 2017 മുതൽ തുടർച്ചയായി നദാൽ കിരീടമുയർത്തി. റോളണ്ട് ഗാരോസിലെ ഫൈനലിൽ ഒരു എതിരാളിക്കും അഞ്ച് സെറ്റിലേക്ക് നദാലിനെ വലിച്ചിഴക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ചരിത്രം. ഫൈനലിന്‍റെ വീര്യമുള്ള പോരിന് പേരെന്തിട്ടാലും ആവേശത്തോളം വരില്ലെന്ന് മാത്രം.

ഇരുവരും ഇതുവരെ നേർക്കുനേർ വന്നത് 57 തവണ. ജയപരാജയ വ്യത്യാസം ഒന്ന്. 29 തവണ ജോക്കോ ജയിച്ചപ്പോള്‍ 28 തവണ നദാല്‍ പുഞ്ചിരിച്ചു. ഗ്രാൻസ്ലാമിൽ ഇരുവരും ഏറ്റുമുട്ടിയത് 16 തവണ. 10 തവണ നദാലും ആറ് തവണ ജോക്കോവിച്ചും വിജയിയായി. 

തേച്ചുമിനുക്കിയ ആയുധങ്ങളുമായാണ് ഇരുവരും ഇറങ്ങുന്നത്. ബേസ് ലൈനിനു പുറത്ത് നിന്ന് കരുത്തുറ്റ സർവുകളുമായി നദാൽ കളം നിറഞ്ഞാൽ മിന്നൽപ്പിണറായി പിറക്കുന്ന റിട്ടേണുകളാവും ജോക്കോയുടെ മറുപടി. എതിരാളിയുടെ ദൗർബല്യത്തിലേക്ക് ഇരുവരും കാത്തുവച്ചത് എന്തെന്ന് കണ്ടറിയണം. 

വനിതകളില്‍ കന്നി ഫൈനല്‍

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതകളില്‍ ക്രജിക്കോവ-പാവ്‍ള്യുചെങ്കോവ ഫൈനൽ. ഇരു താരങ്ങളും ആദ്യമായാണ് ഫൈനലിന് യോഗ്യത നേടുന്നത്. സെമിയിൽ ടമാര സിദാൻസെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് പാവ്‍ള്യുചെങ്കോവ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോർ: 7-5, 6-3. അമ്പത്തിരണ്ടാം മേജർ ടൂർണമെന്‍റിൽ പാവ്‍ള്യുചെങ്കോവയുടെ ആദ്യ ഫൈനലാണ് റോളണ്ട് ഗാരോസിലേത്. 

പതിനേഴാം സീഡ് മരിയ സാക്കരിയെ അട്ടിമറിച്ചാണ് ചെക്ക് റിപ്പബ്ലിക് താരം ക്രജിക്കോവയുടെ മുന്നേറ്റം. 25കാരിയായ സീഡില്ലാ താരം ആദ്യമായാണ് ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona