2015ലെ ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ കിരീടം നേടിയാണ് സ്വപ്നില്‍ ഷൂട്ടിംഗിലെ തന്‍റെ സ്വപ്നയാത്ര തുടങ്ങിയത്
പൂനെ: ട്രെയിനിലെ ടിക്കറ്റ് കളക്ടറില്‍ നിന്ന് പാരീസില്‍ ഇന്ത്യയുടെ അഭിമാനായി ഉയര്‍ന്നിരിക്കുകയാണ് കോലാപൂരില്‍ നിന്നുള്ള 28കാരന്‍ സ്വപ്നില്‍ കുസാലെ. പാരീസില്‍ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ വെങ്കലം വെടിവെച്ചിട്ട് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ച സ്വപ്നില്‍ കുസാലെയുടെ കരിയര്‍ പക്ഷെ ബുള്ളറ്റ് ട്രെയിന്‍ പോലെ വേഗത്തിലായിരുന്നില്ല. പത്താം വയസുമുതല്‍ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിച്ച സ്വപ്നിൽ 14ാം വയസിലാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ക്രീഡ പ്രബോധിനി സ്കീമില്‍ സ്പോര്‍ട്സ് സ്കൂളിലേക്ക് മാറിയത്. അവിടെവെച്ചായിരുന്നു സ്വപ്നില്‍ ഷൂട്ടിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ജൈവകൃഷിയുടെ പേരിലും ലഹരി വിമുക്ത ഗ്രാമങ്ങളുടെ പേരിലും അറിയപ്പെടുന്ന സ്വപ്നിലിന്‍റെ ഗ്രാമം ഇനി സ്വപ്നില്‍ എന്ന ഒളിംപിക് ചാമ്പ്യന്‍റെ പേരിലാകും അറിയപ്പെടുക.
2015ലെ ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ കിരീടം നേടിയാണ് സ്വപ്നില്‍ ഷൂട്ടിംഗിലെ തന്‍റെ സ്വപ്നയാത്ര തുടങ്ങിയത്. പിന്നീട് ലണ്ടന്‍ ഒളിംപിക്സിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ ഗഗന്‍ നാരങിനെ മറികടന്ന് ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച് വരവറിയിച്ചു. 2015ല്‍ ഇന്ത്യൻ റെയില്‍വെയില്‍ ടിടിഇ ആയി ജോലിക്ക് കയറിയ സ്വപ്നില്‍ തന്‍റെ ആദ്യ ആറ് മാസത്തെ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച് മൂന്ന് ലക്ഷം രൂപക്ക് പുതിയ തോക്ക് വാങ്ങി പരിശീലനം തുടങ്ങി.
2018വരെ മൂന്ന് തവണ ജൂനിയര്‍ ലോകകപ്പില്‍ മത്സരിച്ച സ്വപ്നിലിന് 2018ലെ ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ വെങ്കലം മാത്രമായിരുന്നു പിന്നീട് എടുത്തു പറയാനുണ്ടായ നേട്ടം. 2022ല്‍ കെയ്റോയില്‍ നടന്ന ഷൂട്ടിംഗ് ലോകകപ്പില്‍ മെഡല്‍ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തിയ സ്വപ്നില്‍ പാരീസിലേക്ക് യോഗ്യത നേടി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ അവസാന റൗണ്ട് വരെ ഒന്നാം സ്ഥാനത്തായിരുന്ന സ്വപ്നിലിന് അവസാന റൗണ്ടില്‍ ഉന്നം പിഴച്ചപ്പോള്‍ നാലാം സ്ഥാനത്തായി. എന്നാല്‍ അഖില്‍ ഷിയോറന്‍-ഐശ്വരിയ പ്രതാപ് സിംഗ് എന്നിവര്‍ക്കൊപ്പം ടീം ഇനത്തില്‍ സ്വപ്നില്‍ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ തിരിച്ചടികളെയെല്ലാം മറികടന്ന് സ്വപ്നങ്ങളെ പിന്തുടര്‍ന്ന് സ്വപ്നനേട്ടം വെടിവെച്ചിട്ടതിന്‍റെ ത്രില്ലിലാണിപ്പോള്‍ സ്വപ്നില്‍ ഇപ്പോള്‍.
