മൂന്നുമാസം മുൻപ് തന്നെ 'ഗുജറാത്ത് ഒളിംപിക്സ് പ്ലാനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ച‌ർ' എന്ന പേരിലുള്ള കമ്പനി സംസ്ഥാന സ‌ർക്കാർ രൂപികരിച്ചിരുന്നു. ബോർഡ് മീറ്റിങ് നടന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു. 

അഹമ്മദാബാദ്: 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുപ്പ് തുടങ്ങി ​ഗുജറാത്ത്. 6000 കോടിയുടെ പദ്ധതിയാണ് ഒളിംപിക്സിനായി ആവിഷ്കരിച്ചത്. 2036 ലെ സമ്മർ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തി​ന്റെ ഭാ​ഗമായി പുതുതായി ആറ് സ്പോർട്സ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് ഗുജറാത്ത് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സർക്കാർ ഒരു പ്രത്യേക കമ്പനി രൂപീകരിക്കുകയും 6,000 കോടി രൂപ വകയിരുത്തുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

മൂന്നുമാസം മുൻപ് തന്നെ 'ഗുജറാത്ത് ഒളിംപിക്സ് പ്ലാനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ച‌ർ' എന്ന പേരിലുള്ള കമ്പനി സംസ്ഥാന സ‌ർക്കാർ രൂപികരിച്ചിരുന്നു. ബോർഡ് മീറ്റിങ് നടന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു. 

ആദ്യ ഘട്ടമെന്ന നിലയിൽ അഹമ്മദാബാദിലെ മൊട്ടേരക്കടുത്തുള്ള സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിനു ചുറ്റുമുള്ള പ്രദേശത്തെ കുറിച്ച് പഠിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 350 ഏക്ക‌ർ ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് ഓപ്പൺ ബിഡ് വഴി ആറ് സ്പോർട്സ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. 2030 ഓടെ സ്പോർട്സ് കോംപ്ലക്സുകളുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് സർക്കാരിന്റെയും കമ്പനിയുടെയും പ്രതീക്ഷ. 

ഗുജറാത്ത് നഗര വികസന, നഗര ഭവന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഗുജറാത്ത് ഒളിംപിക്സ് പ്ലാനിംഗ് ആൻന്റ് ഇൻഫ്രാസ്ട്രക്ച‌റിന്റെ ചെയർപേഴ്‌ൺ. ഡയറക്ടർ ബോർഡിൽ അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ, അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ, ഗുജറാത്ത് സ്‌പോർട്‌സ് അതോറിറ്റി ഡയറക്ടർ ജനറൽ എന്നിവരും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 141-ാമത് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷൻ ഉദ്ഘാടനം ചെയ്യവെയാണ് 2036ലെ ഒളിംപിക്സിനുള്ള ഇന്ത്യയുടെ ലേലം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചത്. 2029ലെ യൂത്ത് ഒളിംപിക്സിന് ഇന്ത്യ ആതിഥേയം വഹിക്കുമെന്ന വിവരവും നരേന്ദ്ര മോദി അന്ന് അറിയിച്ചിരുന്നു. നിലവിൽ ഒളിംപിക്സിന് ആതിഥേയം വഹിക്കാനുള്ള 2032 വരെയുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യപെട്ടിരിക്കയാണ്. 2036 ഒളിമ്പിക്സ് ആതിഥേയരുടെ തെരഞ്ഞെടുപ്പ് 2025ലായിരിക്കും.