Asianet News MalayalamAsianet News Malayalam

അര്‍ജ്ജുന അവാര്‍ഡില്‍ വീണ്ടും തഴഞ്ഞു; പ്രതികരണവുമായി പ്രണോയ്

ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിള്‍സ് താരമായ സമീര്‍ വര്‍മ എന്നിവരെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബായ്) അര്‍ജ്ജുന അവാര്‍ഡിനായി ഇത്തവണ നാമനിര്‍ദേശം ചെയ്തത്.

HS Pranoy expressed his displeasure on the Arjuna Award nominations
Author
Thiruvananthapuram, First Published Jun 2, 2020, 10:28 PM IST

തിരുവനന്തപുരം: അര്‍ജ്ജുന അവാര്‍ഡിന് ഇത്തവണയും പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി മലയാളി ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്. അര്‍ജ്ജുന പുരസ്കാരങ്ങള്‍ക്ക്  നാമനിര്‍ദേശം ചെയ്യാനുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം പ്രണോയ് രംഗത്തെത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ പരിഗണിക്കാതെ രാജ്യത്തിനായി ഒന്നും നേടാത്തവരെയാണ് അര്‍ജ്ജുനക്കായി ബാഡ്മിന്റണ്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്തതെന്ന് പ്രണോയ് പറഞ്ഞു.

ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിള്‍സ് താരമായ സമീര്‍ വര്‍മ എന്നിവരെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബായ്) അര്‍ജ്ജുന അവാര്‍ഡിനായി ഇത്തവണ നാമനിര്‍ദേശം ചെയ്തത്. ഇതിന് പിന്നാലെയാണ് #thiscountryisajoke എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പരസ്യപ്രതികരണവുമായി പ്രണോയ് രംഗത്തെത്തിയത്.

എല്ലാം പഴയ കഥ തന്നെ, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തില്ല, പക്ഷെ ഈ പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലൊന്നും പങ്കെടുക്കുക പോലും ചെയ്യാത്തവരെ ശുപാര്‍ശ ചെയ്യുകയും ചെയ്തു എന്നായിരുന്നു പ്രണോയിയുടെ ട്വീറ്റ്.

സാത്വിക് സായ്‌രാജിനും ചിരാഗ് ഷെട്ടിക്കും സമീര്‍ വര്‍മക്കും പുറമെ പരിശീലകനായ എസ് മുരളീധരനെ ദ്രോണാചാര്യ പുരസ്കാരത്തിനായും ബായ് നാമനിര്‍ദേശം ചെയ്തിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുന പുരസ്കാരത്തിനായി കളിക്കാരുടെ പേരുകള്‍ നാമനിര്‍ദേശം ചെയ്തതെന്ന് ബായ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Also Read: ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്ത് റൊണാള്‍ഡോ

കഴിഞ്ഞ വര്‍ഷവും പ്രണോയിയുടെ പേര് അസോസിയേഷന്‍ അര്‍ജ്ജുനക്കായി നാമനിര്‍ദേശം ചെയ്തിരുന്നില്ല. ഇതിനെതിരെയും പ്രണോയ് പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ചെയ്ത ട്വീറ്റ് ഇത്തവണയും പ്രണോയ് പ്രൊഫൈലില്‍ പിന്‍ ചെയ്ത് വെച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios