മുംബൈ: പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഡേവിസ് കപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടക്കും. ഈമാസം ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മാറ്റിയത്. ഇന്റര്‍നാഷണല്‍ ടെന്നിസ് ഫെഡറേഷന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. എന്നാല്‍ വേദി എവിടെയാകുമെന്നതില്‍ വ്യക്ത്ത വന്നിട്ടില്ല. സെപ്റ്റംബര്‍ 14,15 തിയതികളിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. പിന്നീട് ഈമാസം 29, 30 തിയതികളിലേക്ക് മാറ്റി. ഈ മത്സരത്തിന്റെ വേദിയാണ് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ, പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് രോഹന്‍ ബൊപ്പണ്ണയും മഹേഷ് ഭൂപതിയും അറിയിച്ചിരുന്നു. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം ഏറ്റവും വഷളായ സാഹചര്യത്തില്‍ പോകേണ്ട എന്ന നിലപാടിലെത്തുകയായിരുന്നു ബൊപ്പണ്ണയും ഭൂപതിയും. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇരുവരും പിന്മാറിയത്.ഡേവിസ് കപ്പ് ടെന്നിസിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്റെ വേദി എവിടെയാകണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.